തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സിപിഎം വോട്ട് ചെയ്യിപ്പിച്ചെന്നാണ് യുഡിഎഫ് ആരോപണം.
ഇടുക്കി: ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ്. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സിപിഎം വോട്ട് ചെയ്യിപ്പിച്ചെന്നാണ് ആരോപണം.
ഇടുക്കിയിലെ തോട്ടം മേഖലകളിൽ തമിഴ്നാട്ടിലും കേരളത്തിലും വീടുകളുള്ള നിരവധി തൊഴിലാളികളുണ്ട്. ഇവരിൽ നല്ലൊരു ശതമാനം പേർക്കും തമിഴ്നാട്ടിലാണ് വോട്ട്. ഇക്കാര്യം അറിഞ്ഞിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം ഇവരെ കേരളത്തിലെ വോട്ടർ പട്ടികയിലും ഉൾപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപണം.
ഏപ്രിൽ 18നായിരുന്നു തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഇവരെ അഞ്ച് ദിവസത്തിന് ശേഷം കേരളത്തിലെത്തിച്ച് വോട്ടു ചെയ്യിപ്പിച്ചുവെന്നാണ് യുഡിഎഫ് ആരോപണം.
ഇടുക്കിയിൽ ആരൊക്കെ ഇപ്രകാരം വോട്ട് രേഖപ്പെടുത്തി എന്ന് കണ്ടെത്താനായി ബൂത്ത് തല കണക്കുകൾ ശേഖരിച്ചുവരികയാണെന്ന് കോൺഗ്രസ് അറിയിച്ചു. ബൂത്ത് തല പരിശോധനയ്ക്കിടെ 40,000 യുഡിഎഫ് വോട്ടർമാരെ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കണ്ടെത്തിയെന്നും യുഡിഎഫ് അറിയിച്ചു.
കരട് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവരെ അന്തിമ പട്ടികയിൽ നിന്ന് അകാരണമായി ഒഴിവാക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി തെരഞ്ഞടുപ്പ് കമ്മീഷന് ഉടൻ പരാതി നൽകുമെന്നും യുഡിഎഫ് അറിയിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സിപിഎം പ്രതികരണം.
