അനിശ്ചിതത്വത്തിനൊടുവിൽ അമേഠിയിൽ രാഹുൽ ഗാന്ധി നൽകിയ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു.

ദില്ലി: അമേഠിയിൽ രാഹുൽ ഗാന്ധി നൽകിയ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. രാഹുലിനെതിരായ ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി രാഹുലിന്‍റെ പത്രിക സ്വീകരിക്കാൻ തീരുമാനിച്ചത്. 
മറ്റൊരു രാജ്യത്തും രാഹുൽ പരേത്വമെടുത്തിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ ബോധ്യപ്പെടുത്തി. രാഹുലിന് ഉള്ളത് ഇന്ത്യൻ പാസ്പോർട്ട് മാത്രമാണ്. 

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണങ്ങൾക്കും മറുപടി നൽകി. രാഹുൽ കേംബ്രിഡ്ജ് സർവകലാശാലയിൽ എം.ഫിൽ ചെയ്തത് 1995 ലാണ്. ഇതിന്‍റെ സർട്ടിഫിക്കറ്റ് അഭിഭാഷകൻ ഹാജരാക്കി. 

ബ്രിട്ടനിൽ റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളിൽ രാഹുൽ ബ്രിട്ടിഷ് പൗരനെന്ന് എഴുതിയിയിരിക്കുന്നു എന്നായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വാദം. വിദ്യാഭ്യാസ യോഗ്യതാ രേഖകളിലടക്കം പൊരുത്തക്കേട് ഉണ്ടെന്ന വിവാദം ബിജെപിയും ഏറ്റെടുത്തിരുന്നു . അതേസമയം രാഹുൽ ഗാന്ധി ഇന്ന് അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുകയാണ്.