നാര്‍നൗള്‍ :  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആനയെ വാഹനമാക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം.  ഹരിയാനയിലെ ഭീവാനി-മഹേന്ദ്രഗാര്‍ഹ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ശ്രുതി ചൗധരിക്കെതിരെയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച്ചയാണ് ആനപ്പുറത്തേറി ശ്രുതി ചൗധരി നാര്‍നൗളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. ഇതേത്തുടര്‍ന്ന്  മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പിഇറ്റിഎ ഉള്‍പ്പടെയുള്ള സന്നദ്ധസംഘടനകള്‍ പരാതിയുമായി തെര‌ഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ അധികാരികള്‍‍ക്ക് നിര്‍ദേശം നല്‍കി. അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് ഭീവാനി റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മൃഗങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. 

(ഫോട്ടോ: ഹിന്ദുസ്ഥാന്‍ ടൈംസ്)