കോന്നി: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ യുഡിഎഫ് കൺവെൻഷനിൽ വികാരഭരിതനായി അടൂർ പ്രകാശ്. റോബിൻ പീറ്ററിനെ നോമിനിയായി നിർദേശിക്കരുതായിരുന്നെന്ന് ഇപ്പോൾ തോന്നുന്നതായി അടൂർ പ്രകാശ് പറഞ്ഞു. മോഹൻരാജിന് എല്ലാ പിന്തുണയും നൽകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. 

''പാർട്ടി ചോദിച്ചപ്പോൾ ഞാൻ റോബിൻ പീറ്ററിന്‍റെ പേര് പറഞ്ഞുപോയി. ഇപ്പോൾ തോന്നുന്നുണ്ട് ആ പേര് പറയരുതായിരുന്നെന്ന്. പി മോഹൻരാജും ഞാനും സംഘ‍ടനാതലത്തിൽ ഒന്നിച്ച് എത്രയോ കാലം ഒരുമിച്ച് പ്രവർത്തിച്ചതാണ്'', അടൂർ പ്രകാശ് പറഞ്ഞു. 1996 - ൽ ആദ്യം എംഎൽഎ ആയതുമുതൽ മണ്ഡലത്തിന്‍റെ വികസനത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിച്ചത്. ആറ്റിങ്ങൽ എംപിയായാലും കോന്നി തന്‍റെ ഹൃദയത്തിലുണ്ടാകുമെന്ന് അടൂർ പ്രകാശ്.

സ്വന്തം നോമിനിയായ റോബിൻ പീറ്ററിനെ തഴഞ്ഞ് പി മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയതിന്‍റെ പേരിൽ കടുത്ത അതൃപ്തിയോടെ കൺവെൻഷൻ ബഹിഷ്കരിക്കാനൊരുങ്ങിയ അടൂർ പ്രകാശിനെ മുല്ലപ്പള്ളിയും ചെന്നിത്തലയും നേരിട്ടെത്തി അനുനയിപ്പിച്ച് കൺവെൻഷനിലെത്തിക്കുകയായിരുന്നു. മണ്ഡലത്തിലെ മുൻ എംഎൽഎ അടൂർ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ കിണഞ്ഞ് ശ്രമിച്ചു സംസ്ഥാന നേതൃത്വം.

പ്രവർത്തകർ വലിയ സ്വീകരണമാണ് കൺവെൻഷൻ വേദിയിൽ അടൂർ പ്രകാശിന് നൽകിയത്. തോളിലേറ്റി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ അടൂർ പ്രകാശിനെ വേദിയിലേക്ക് കൊണ്ടുവന്നു. വേദിയിൽ വച്ച് പി മോഹൻരാജ് അടൂർപ്രകാശിന് മുത്തം നൽകി. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി പ്രഖ്യാപിച്ചു. 

: ഉംം..മ്മ: പിണക്കം മാറി വന്ന അടൂർ പ്രകാശിന് വേദിയിൽ വച്ച് മുത്തം കൊടുക്കുന്ന സ്ഥാനാർത്ഥി പി മോഹൻരാജ്

കോന്നി കോൺഗ്രസിലെ ഈ തമ്മിലടി മുതലെടുക്കുമെന്ന് ഇടത് പക്ഷം വ്യക്തമാക്കിയിരുന്നതാണ്. കോന്നിയിൽ കഴിഞ്ഞ തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ നല്ല വോട്ട് നേടാനായ കെ സുരേന്ദ്രനും കോൺഗ്രസിലെ ഈ പടലപ്പിണക്കം തന്നെയായിരുന്നു പ്രതീക്ഷ. എന്തായാലും പിണക്കം മാറിയെന്ന് പൊതുവേദിയിൽ പ്രഖ്യാപിക്കുമ്പോഴും ഇനിയെന്താകും എന്നത് കണ്ടറിയണം. 

പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റായ റോബിൻ പീറ്ററിന് ഇന്നലെ കെപിസിസി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് പദവി നൽകിയിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാൽ ഇതുകൊണ്ടൊന്നും അടൂർ പ്രകാശ് വഴങ്ങിയില്ല. ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് അനാവശ്യ പരാമർശം നടത്തിയെന്ന് അടൂർ പ്രകാശ് സംസ്ഥാനനേതൃത്വത്തോട് പരാതിപ്പെട്ടു. 

കോന്നിയിൽ ഈഴവസ്ഥാനാർത്ഥി തന്നെ വരണമെന്നതായിരുന്നു ബാബു ജോർജിന്‍റെ നിലപാട്. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് അടൂർപ്രകാശ് സംസാരിക്കുന്നതെന്നും ബാബു ജോർജ് കുറ്റപ്പെടുത്തി. എന്നാൽ പത്തനംതിട്ട ഡിസിസിയുമായി ഏറെക്കാലമായി ഭിന്നത പുലർത്തുന്ന അടൂർപ്രകാശിന് ഇതിൽ കടുത്ത എതിർപ്പായിരുന്നു. എന്നിട്ടും സംസ്ഥാനനേതൃത്വം തന്‍റെ നോമിനിയെ വെട്ടിയെന്നതിലായിരുന്നു അടൂർ പ്രകാശിന് കടുത്ത അമർഷം.