യന്ത്രങ്ങളുടെ ഗുരുതരമായ ഈ തകരാറുകള്‍ മൂലം പലയിടങ്ങളിലും വോട്ടിങ് യന്ത്രം ക്രമീകരിക്കുന്നതു പൂര്‍ത്തിയായിട്ടില്ലെന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.  

കൊച്ചി : പ്രത്യേക വിമാനത്തില്‍ കേരളത്തിനായി രാത്രിയില്‍ 3000 വോട്ടിങ് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളിലും വ്യാപക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം വേണ്ടി വന്നത്. ഇതിന് പുറമേ കൂടാതെ 1500 വോട്ടിങ് യന്ത്രങ്ങള്‍ റോഡുമാര്‍ഗ്ഗവും എത്തിച്ചു. ഇവ ജില്ലകളിലേക്ക് കൈമാറി അടിയന്തരമായി സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പതിപ്പിക്കാനാണ് നിര്‍ദേശം. 

യന്ത്രങ്ങളുടെ ഗുരുതരമായ ഈ തകരാറുകള്‍ മൂലം പലയിടങ്ങളിലും വോട്ടിങ് യന്ത്രം ക്രമീകരിക്കുന്നതു പൂര്‍ത്തിയായിട്ടില്ലെന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതുതായി കൊണ്ടുവന്ന പരിശോധിച്ച് കുറ്റമെന്തെന്ന് ഉറപ്പാക്കാന്‍ ഹൈദരാബാദ് ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. എറണാകുളം കളക്ട്രേറ്റില്‍ പ്രത്യേക ക്യമ്പ് തുറന്നാണ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. ബോംബ് സ്‌ക്വാഡ് ഉല്‍പ്പെടെ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലേക്കുമുള്ള യന്ത്രങ്ങള്‍ സജ്ജമായെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. 

രാത്രി എത്തിച്ച വോട്ടിങ് യന്ത്രങ്ങളില്‍ 200 എണ്ണം എറണാകുളത്ത് ഉപയോഗിക്കും. ബാക്കിയുള്ള ഇതര ജില്ലകളിലേക്കുളളവയാണ്. പോളിങ് ബൂത്തുകളില്‍ ഉപയോഗിക്കുന്ന വിവിപാറ്റ് യന്ത്രങ്ങള്‍ കഴിഞ്ഞമാസം ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനിടെ തരകാറിലായാരുന്നു. പരിശീലനത്തിനു കൊണ്ടുപോയ ഉദ്യോഗസ്ഥന്‍ അലക്ഷ്യമായ കൈകാര്യം ചെയ്തതാണ് അതിനു കാരണമെന്നും, ശക്തമായി സൂര്യരശ്മികളേറ്റാന്‍ വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറിലാകും എന്നുമാണ് വിശദീകരണം നല്‍കിയത്. എന്നാല്‍ പ്രകാശ രശ്മികള്‍ പതിക്കാത്ത സ്‌ട്രോക്ക് റൂമില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ക്കാണ് ഇപ്പോള്‍ തകരാറിലായിരിക്കുന്നത്. 

എറണാകുളം, ചാലക്കുടിമണ്ഡലങ്ങളില്‍ 307 വിവിപാറ്റ് യന്ത്രങ്ങളാണ് തകരാറിലായത്. 249 കണ്‍ട്രോള്‍ യൂണിറ്റുകളും 144 ബാലറ്റ് യൂണിറ്റുകളും ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ അവ മാറ്റി വച്ചു. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആലുവ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പതിച്ച വേളയില്‍ 32 വിവിപാറ്റ് യന്ത്രങ്ങളും 29 കണ്‍ട്രോള്‍ യൂണിറ്റും 20 ബാലറ്റ് യൂണിറ്റും പ്രവര്‍ത്തിക്കുന്നില്ലെന്നു ബോധ്യമായി.

ചാലക്കുടിയിലെ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ 38 വിവിപാറ്റ് യന്ത്രവും 13 കണ്‍ട്രോള്‍ യൂണിറ്റും പ്രവര്‍ത്തന രഹിതമായിരുന്നു. ചാലക്കുടി നിയമസഭാ മണ്ഡലത്തില്‍ 30 വിവിപാറ്റും 11 കണ്‍ട്രോള്‍ യൂണിറ്റും 7 ബാലറ്റ് യൂണിറ്റും തകരാറിലായിരുന്നു. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കൊച്ചി നിയമസഭാ മണ്ഡലത്തില്‍ 28 വിവിപാറ്റ് യന്ത്രവും 24 കണ്‍ട്രോള്‍ യൂണിറ്റും 10 ബാലറ്റ് യൂണിറ്റും പ്രവര്‍ത്തനരഹിതമായിരുന്നു. കളമശേരിയില്‍ 21 വിവിപാറ്റും 13 കണ്‍ട്രോള്‍ യൂണിറ്റും 10 ബാലറ്റ് യൂണിറ്റും പ്രവര്‍ത്തിച്ചില്ല.