തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടേയും ശശി തരൂരിന്‍റേയും കെ സുരേന്ദ്രന്‍റേയും പ്രചാരണവേദികളിൽ ഒരേ സ്ത്രീ എത്തി എന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മൂന്ന് സ്ഥാനാർത്ഥികളേയും കെട്ടിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന പ്രായമുള്ള സ്ത്രീയുടെ ചിത്രം ഒരാളെന്ന മട്ടിലാണ് പ്രചരിക്കുന്നത്. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി സ്ഥാനാർത്ഥിയെ കെട്ടിപ്പിടിക്കാനും കരയാനുമായി എത്തിച്ച സംഘത്തിലുള്ള ആളാണ് ചിത്രത്തിലെ വൃദ്ധയെന്നും വ്യാപക പ്രചാരണം നടക്കുന്നുണ്ട്. 'കോൺഗ്രസിന്‍റെ രജിസ്റ്റേഡ് കരച്ചിൽ തൊഴിലാളിയാണ് ഈ അമ്മ' എന്ന അടിക്കുറിപ്പോടെ വടക്കേ ഇന്ത്യയിലും സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ പ്രചരിക്കുകയാണ്.

കെ സുരേന്ദ്രൻ ബിജെപി നേതാവാണെന്ന് അറിയാതെ ബിജെപി അനുകൂല അക്കൗണ്ടുകളാണ് കോൺഗ്രസിനെതിരെ വടക്കേ ഇന്ത്യയിൽ ഈ ചിത്രങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും എതിരെ ഇടത് അനുകൂലികളാണ് ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത്.

എന്നാൽ ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ടെലഗ്രാമിലുമെല്ലാം വൈറലായ ഈ ചിത്രങ്ങൾ ഒരാളുടേതല്ല, മൂന്ന് സ്ത്രീകളുടേത് തന്നെയാണ്. 

രാഹുൽ ഗാന്ധിയെ വൃദ്ധ പുണരുന്ന ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഉള്ളതല്ല. 2015ലെ പ്രളയകാലത്ത് തമിഴ്‍നാട്ടിലെയും പോണ്ടിച്ചേരിയിലേയും പ്രളയബാധിത പ്രദേശങ്ങൾ രാഹുൽ ഗാന്ധി സന്ദർശിക്കുന്നതിനിടെ പകർത്തിയ ചിത്രമാണിത്. കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ 2015 ഡിസംബർ എട്ടിന് ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.  രാഹുൽ ഗാന്ധിയെ പുണർന്ന് കരയുന്ന വൃദ്ധയുടെ വേറെയും ചിത്രങ്ങൾ അതേ ട്വീറ്റിലുണ്ട്.

ശശി തരൂർ വൃദ്ധയായ സ്ത്രീയെ കെട്ടിപ്പിടിക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് 2019 ഏപ്രിൽ 12ന് ട്വീറ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അവർ തന്‍റെ കാലിൽ തൊടാൻ ശ്രമിച്ചെന്നും താനവരെ തടഞ്ഞ് കെട്ടിപ്പിടിച്ചെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.

ഇഎംഎസിന്‍റെ ചിത്രം ഉപയോഗിച്ചുള്ള സംഘപരിവാർഅനൂകൂല ട്വിറ്റർ ഹാൻഡിലായ ചൗക്കിദാർ ഇഎംഎസ് നമ്പൂതിരിപ്പാട് സുരേന്ദ്രന് ഒപ്പം പ്രായമുള്ള ഒരു സ്ത്രീ നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത് നോക്കുക.  'മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാത്ത ബിജെപി അനുകൂല വൈകാരിക ചിത്രം' എന്ന വിശേഷണത്തോടെ ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത് 2019 ഏപ്രിൽ 17ന്. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എടുത്ത ചിത്രമാണിതെന്നും ട്വീറ്റിൽ പറയുന്നു.

ഈ മൂന്ന് സ്ത്രീകളും തമ്മിൽ ഒറ്റനോട്ടത്തിൽ സാദൃശ്യമുണ്ടെങ്കിലും മൂന്നും മൂന്ന് പേർ തന്നെയാണെന്ന് വ്യക്തമാണ്.

മൂന്ന് പേരുടേയും മുഖങ്ങൾ മാത്രം ചേർത്തുവച്ച ചിത്രം കാണുക.

ഇടതുവശത്തുള്ളത് ശശി തരൂരിനൊപ്പമുള്ള സ്ത്രീയാണ്. വലതുവശത്ത് കെ സുരേന്ദ്രനൊപ്പമുള്ള സ്ത്രീയുടേയും ചിത്രമാണ്. രാഹുൽ ഗാന്ധിക്കൊപ്പമുള്ള സ്ത്രീയുടെ കോൺഗ്രസ് ട്വിറ്റർ ഹാൻഡിൽ തന്നെ ട്വീറ്റ് ചെയ്ത കൂടുതൽ വ്യക്തമായ മറ്റൊരു ചിത്രം നടുവിലുണ്ട്. രാഹുലിനൊപ്പമുള്ള സ്ത്രീ മറ്റ് രണ്ടുപേരിൽ നിന്നും തീർത്തും വ്യത്യസ്തയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം.

ഇനി ശശി തരൂരിനും കെ സുരേന്ദ്രനും ഒപ്പമുള്ള സ്ത്രീകളുടെ ചിത്രം താരതമ്യം ചെയ്ത് നോക്കാം.

തരൂരിനോട് ഒപ്പം നിൽക്കുന്ന സ്ത്രീയുടെ തലമുടി പൂർണ്ണമായും നരച്ചതാണ്. എന്നാൽ സുരേന്ദ്രന്‍റെ പ്രചാരണചിത്രത്തിലുള്ള സ്ത്രീയുടെ തലമുടി അത്രയും നരച്ചിട്ടില്ല.  മറ്റൊരു വ്യത്യാസം പല്ലുകളിലാണ്. സുരേന്ദ്രന്‍റെ ചിത്രത്തിലുള്ള സ്ത്രീയുടെ മുൻവരിപ്പല്ലുകളിൽ വിടവ് കാണാം, എന്നാൽ തരൂരിനോട് ഒപ്പമുള്ള സ്ത്രീയുടെ മുൻവരിപ്പല്ലുകൾ വ്യക്തമായി ദൃശ്യമാണ്.  ഇരുവരുടേയും മൂക്കും നെറ്റിത്തടവും വ്യത്യസ്തമാണെന്നും ചിത്രങ്ങളുടെ താരതമ്യ പരിശോധനയിൽ വ്യക്തം.