വയനാട്ടില്‍ തുഷാറിന് വിജയം ഉറപ്പാണ് എന്ന ആത്മവിശ്വാസമാണ് പ്രീതിനടേശന്‍ പങ്കുവയ്ക്കുന്നത്.  ഭൂരിപക്ഷം എത്രയെന്ന ചോദ്യത്തിന് അത് ദൈവത്തിന്റെ കൈയിലാണ് എന്നാണ് പ്രീതിയുടെ മറുപടി

മാനന്തവാടി:വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ കുടുംബവും. തുഷാർ വെള്ളാപ്പള്ളിയുടെ അമ്മയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ഭാര്യയുമായ പ്രീതി നടേശനും ഭാര്യ ആശ തുഷാറുമാണ് കുടുംബ യോഗങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്. വയനാടിന്റെ വികസനത്തിന് തുഷാറിനെ ജയിപ്പിക്കണമെന്നാണ് അമ്മയ്ക്കും ഭാര്യക്കും പറയാനുള്ളത്.

എല്ലാ വോട്ടർമാരേയും നേരിൽ കാണണം എന്നാണ് ആ​ഗ്രഹം. പക്ഷേ സമയക്കുറവ് കൊണ്ട് ഒരോ വീട്ടിലും എത്തി കുടുംബാം​ഗങ്ങളെ കാണാൻ ശ്രമിക്കുകയാണ്. ഒരു മാറ്റത്തിന് ഈ മണ്ഡലം ആ​ഗ്രഹിക്കുന്നുണ്ട്... പ്രചാരണതിരക്കിനിടെ പ്രീതി നടേശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രാഷ്ട്രീയക്കാർ വന്ന് സ്ഥിരമായി വാ​ഗ്ദാനങ്ങൾ നൽകി പോകുന്നു. പക്ഷേ ഒന്നും നടക്കുന്നില്ലെന്നാണ് ആളുകള്‍ പറയുന്നത്. ഇക്കുറി വോട്ട് മാറ്റി നൽകി ഒരു പരീക്ഷണം നടത്തൂ എന്നാണ് ഞാൻ അവരോട് പറയുന്നത്. എതിരാളി ആരായാലും ഞങ്ങൾക്കൊപ്പം ഞങ്ങടെ നരേന്ദ്രമോദിജിയുണ്ട് ഒരു വലിയ സംഘടനയുണ്ട് ആ സംഘടനയുടെ ബലത്തിൽ വിജയം നേടാനാവും - പ്രീതി നടേശന്‍ പറയുന്നു.

വയനാട്ടില്‍ തുഷാറിന് വിജയം ഉറപ്പാണ് എന്ന ആത്മവിശ്വാസമാണ് പ്രീതിനടേശന്‍ പങ്കുവയ്ക്കുന്നത്. ഭൂരിപക്ഷം എത്രയെന്ന ചോദ്യത്തിന് അത് ദൈവത്തിന്റെ കൈയിലാണ് എന്നാണ് പ്രീതിയുടെ മറുപടി. വയനാട്ടില്‍ മകന് വോട്ട് തേടി വന്നില്ലെങ്കിലും വെള്ളാപ്പള്ളി നടേശന്‍ എല്ലാ കാര്യങ്ങളും കൃത്യമായി അറിഞ്ഞു വയ്ക്കുന്നുണ്ടെന്ന് പ്രതീ നടേശന്‍ സാക്ഷ്യപ്പെടുത്തുന്നു. നടേശേട്ടന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാണ്. എസ്എന്‍ഡിപിയില്‍ എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെട്ട ആളുകളുണ്ട്. പലതരം ആശയഗതിക്കാരുണ്ട്. അതു കൊണ്ട് അദ്ദേഹത്തിന് നേരിട്ട് വന്നു വോട്ട് ചോദിക്കാനാവില്ല.

പോയ ഇടങ്ങളിലെല്ലാം നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് തുഷാറിന്‍റെ പത്നി ആശ പറയുന്നു. വയനാട്ടില്‍ ശുഭ പ്രതീക്ഷയുണ്ട്. ആളുകളെല്ലാം വളരെ നല്ല സ്വീകരണമാണ് നല്‍കുന്നത് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ആശ പറഞ്ഞു.