നേരത്തെ കൈയ്യിൽ കൊയ്ത്തരിവാളുമായി പാടത്തിറങ്ങി തന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ഹേമമാലിനിയുടെ ചിത്രങ്ങൾ ശ്രദ്ധക്കപ്പെട്ടിരുന്നു.
മഥുര: പിങ്ക് നിറത്തിലുള്ള സാരിയും കൂളിങ് ഗ്ലാസുമായി ട്രാക്ടറോടിച്ച് മഥുരയിൽ പ്രചാരണത്തിനിറങ്ങിയ നടിയും ബിജെപി എംപിയുമായ ഹേമമാലിനിയെ ട്രോളി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ട്വിറ്ററിലൂടെയാണ് ഒമർ ഹേമ മാലിനിയെ പരിഹസിച്ചത്. ഹേമമാലിനി ട്രാക്ടർ ഓടിക്കുന്നതിന്റെ ചിത്രത്തോടൊപ്പം 'ഫാന്‍സി ട്രാക്ടറാണ്'എന്ന കുറിപ്പോടെയാണ് ഒമർ ട്വീറ്റ് ചെയ്തിരിക്കുന്നത്.
'ആ ട്രാക്ടറുകളിൽ കാണുന്ന രണ്ട് ഡ്രമ്മുകൾ എന്താണ്? തണുത്ത കാറ്റ് കിട്ടാന്‍ വച്ച കൂളറാണെന്ന് പറയരുതേ. അത് ഒരു ഫാൻസി ട്രാക്ടർ ആണ്'- ഒമര്‍ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു. നേരത്തെ കൈയ്യിൽ കൊയ്ത്തരിവാളുമായി പാടത്തിറങ്ങി തന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ഹേമമാലിനിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആഡംബര കാറായ എസ്‍യുവിന്റെ സൺറൂഫിൽ ഇരുന്ന് താരം നടത്തിയ പ്രചാരണത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. കൈയിൽ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും പിടിച്ചായിരുന്നു പ്രചാരണം. നിറയെ റോസാപൂക്കളാൽ അലങ്കരിച്ച കാറിന്റെ സൺറൂഫിൽ നിന്ന് പ്രസംഗിക്കുന്ന താരത്തിന് ബിജെപി പ്രവർത്തകർ കുട ചൂടികൊടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇക്കുറിയും ഹേമ മാലിനി ജനവിധി തേടുന്നത്. 2014-ൽ ഗ്രാമീണ മേഖലയായ മഥുരയിൽ രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥി ജയന്ത് സിൻഹയ്ക്കെതിരേ മത്സരിച്ചാണ് ഹേമമാലിനി ജയിച്ചത്. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടിയായിരുന്നു വിജയം. എംപി ആയതിനുശേഷം 250 തവണ മഥുര ലോക്സഭാ മണ്ഡലം സന്ദർശിച്ചതായി ഹേമമാലിനി അവകാശപ്പെട്ടു.
