ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അജേഹി വില്ലേജില്‍ പൊതുയോ​ഗം സംഘടിപ്പിച്ചുവെന്നാണ് പരാതി. വൃന്ദാവന്‍ പൊലീസ് സ്റ്റേഷനില്‍ ഹോമാമാലിനിക്കെതിരെ എതിർ സ്ഥാനാർത്ഥികൾ പരാതി നൽകിയിരുന്നു.

മഥുര: തെരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം ​ലംഘിച്ചതിന് നടിയും ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമമാലിനിക്കെതിരെ എഫ്‌ഐആര്‍. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അജേഹി വില്ലേജില്‍ പൊതുയോ​ഗം സംഘടിപ്പിച്ചുവെന്നാണ് പരാതി. ഹോമാമാലിനിക്കെതിരെ എതിർ സ്ഥാനാർത്ഥികൾ പൊലീസില്‍ പരാതി നൽകിയിരുന്നു.

ഈ മാസം ആദ്യം മുതലാണ് ഹേമമാലിനി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചത്. കൈയ്യിൽ കൊയ്ത്തരിവാളുമായി പാടത്തിറങ്ങി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ഹേമ മാലിനിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളടക്കം ഹേമാമാലിനിയെ ട്രോളി രംഗത്തെത്തുകയും ചെയ്തു.

പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രാജ്യം അപകടത്തിലാകുമെന്ന് ഹേമമാലിനി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തിനു വേണ്ടി ശരിയായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മോദിക്ക് മാത്രമേ ധൈര്യമുള്ളു എന്നും ഹേമമാലിനി അഭിപ്രായപ്പെടുകയുണ്ടായി.

ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇക്കുറിയും ഹേമമാലിനി ജനവിധി തേടുന്നത്. 2014-ൽ ​ഗ്രാമീണ മേഖലയായ മഥുരയിൽ രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥി ജയന്ത് സിൻഹയ്ക്കെതിരേ മത്സരിച്ചാണ് ഹേമമാലിനി ജയിച്ചത്. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടിയായിരുന്നു വിജയം. എംപി ആയതിനുശേഷം 250 തവണ മഥുര ലോക്സഭാ മണ്ഡലം സന്ദർശിച്ചതായി ഹേമമാലിനി അവകാശപ്പെട്ടു.