Asianet News MalayalamAsianet News Malayalam

ആദ്യ മണിക്കൂറിൽ ബിജെപി 200 സീറ്റില്‍ ലീഡ്, ഹിന്ദി ഹൃദയഭൂമിയിൽ വൻ മുന്നേറ്റം, രാഹുൽ അമേഠിയിൽ പിന്നിൽ

ഹിന്ദി ഹൃദയഭൂമിയിൽ എൻഡിഎ വൻ മുന്നേറ്റമാണ് നടത്തിയത്. മഹാസഖ്യത്തിന് ബിജെപിയുടെ സീറ്റ് നില കുറയ്ക്കാനായിട്ടില്ലെന്ന സൂചനയാണ് ആദ്യമണിക്കൂറിൽ ലഭിക്കുന്നത്. 

first counting hour bjp wrap
Author
New Delhi, First Published May 23, 2019, 9:15 AM IST

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യമണിക്കൂറിൽ ദേശീയ തലത്തിൽ എൻഡിഎക്ക് വൻമുന്നേറ്റം. ഹിന്ദി ഹൃദയഭൂമിയിൽ മികച്ച നേട്ടമാണ് ബിജെപി സ്വന്തമാക്കുന്നത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണെന്നിരിക്കെ ആദ്യമണിക്കൂറിൽത്തന്നെ എൻഡിഎ 250 ഓളം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ എൻഡിഎ ആധിപത്യം നിലനിർത്തുകയാണ്.

അതേസമയം, ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി രാഹുലിനേക്കാൾ നല്ല ലീഡുമായി മുന്നോട്ടുപോവുകയാണ്. 

വയനാട്ടിൽ മികച്ച ലീഡോടെ രാഹുൽ മുന്നിട്ടു നിൽക്കുമ്പോഴാണ് അമേഠിയിൽ പിന്നിൽ പോകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്‍റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വച്ച്, പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്. അതുകൊണ്ടു തന്നെയാണ് ഇത്തവണയും സ്മൃതിയെ ബിജെപി അമേഠിയിൽ കളത്തിലിറക്കിയത്. 

വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ അത് തന്നെ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടിയൊളിച്ചെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ പറഞ്ഞത്. 

മഹാരാഷ്ട്രയിലും രാജസ്ഥാനിലും മികച്ച നേട്ടമാണ് എൻഡിഎയ്ക്ക് നേടാനാകുന്നത്. രാജസ്ഥാനിൽ ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്ത കോൺഗ്രസിന് തിരിച്ചടിയാണ് ആദ്യഫല സൂചനകൾ. എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റി ശിവസേനയുമായി കൈ കോർത്ത മഹാരാഷ്ട്രയിൽ എൻഡിഎക്ക് തന്നെ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നേരത്തേ എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നതാണ്. അത് തന്നെയാണ് സംഭവിക്കുന്നതും. 

നിർണായകമായ ഉത്തർപ്രദേശിൽ ആദ്യഫലസൂചനകളിൽ മുന്നിൽ ബിജെപിയാണ്. വൻലീഡാണ് യുപിയിൽ ആദ്യഘട്ടത്തിൽ ബിജെപിക്ക്. കഴിഞ്ഞ തവണ യുപി തൂത്തുവാരിയ ബിജെപിക്ക് മഹാസഖ്യം വലിയ തിരിച്ചടി നൽകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. പശ്ചിമബംഗാളിലും എൻഡിഎ മുന്നിൽ നിൽക്കുന്നു. രാജ്യമെമ്പാടും രണ്ടാം നിരയിലെ കോൺഗ്രസ് നേതാക്കൾ പിന്നിൽപ്പോകുന്നു എന്ന സൂചനകളാണ് വരുന്നത്. സർക്കാർ ആടിയുലഞ്ഞ് നിൽക്കുന്ന കർണാടകയിൽ ഗുൽബർഗയിൽ മല്ലികാർജുൻ ഖാർഗെ പിന്നിലാണ്. ചിക്ബല്ലാപൂരിൽ വീരപ്പ മൊയ്‍ലിയും പിന്നിൽപ്പോയി. 

അതേസമയം, ഛത്തീസ്ഗഢിലും തമിഴ്‍നാട്ടിലും കോൺഗ്രസിന് ആശ്വസിക്കാം. യുപിഎ സഖ്യമാണ് ഈ രണ്ടിടത്തും മുന്നിൽ നിൽക്കുന്നത്. 

Follow Us:
Download App:
  • android
  • ios