ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിയ പ്രഗ്യ സിംഗ് ഠാക്കൂറിന്‍റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് താരം സ്വരഭാസ്ക്കര്‍. 'പുതിയ തുടക്കം. ഭീകരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ ഞങ്ങള്‍ ആദ്യമായി പാര്‍ലമെന്‍റിലേക്ക് അയക്കുന്നു. ഇനിയെങ്ങനെ നമ്മള്‍ പാകിസ്താനെ കുറ്റപ്പെടുത്തും ' എന്നാണ് പ്രഗ്യ സിംഗിനെക്കുറിച്ച് താരം ട്വീറ്റ് ചെയ്തത്. പ്രഗ്യയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപിക്കെതിരെ താരം നേരത്തെ രംഗത്തെത്തിയിരുന്നു. 

 

മലേഗാവ് സ്ഫോടനക്കേസ് പ്രതിയും തീവ്രഹിന്ദുത്വവാദിയുമായ പ്രഗ്യ സിംഗ് ഠാക്കൂര്‍ ഭീകരാക്രമണക്കേസില്‍ ആരോപണ വിധേയയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ പ്രസ്താവനയും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. പ്രസ്താവനക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നതോടെ പ്രഗ്യാ സിംഗിനെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തള്ളിപ്പറയുകയും ചെയ്തു. 

തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ കോൺ​ഗ്രസിന്റെ ദി​ഗ്‍വിജയ് സിം​ഗിനെയാണ് പ്രഗ്യ സിംഗ് തോല്‍പ്പിച്ചത്. മൂന്നു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം.  ബിജെപി 30 വര്‍ഷത്തോളമായി കൈവശം വെച്ചിരിക്കുന്ന സീറ്റാണിത്.