കണ്ണൂർ വിമാനത്താവളം മുതൽ സ്കൂളുകളുടെ സൗകര്യം വർധിപ്പിക്കൽ വരെ കണ്ണൂരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞുള്ള കൂറ്റൻ ബോർഡുകൾ സർക്കാരിന്‍റെയോ പാർട്ടിയുടേതോ അല്ല
കണ്ണൂർ: രണ്ടാമതും സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പി കെ ശ്രീമതിയുടെ വികസന നേട്ടങ്ങളുയർത്തിക്കാട്ടി മണ്ഡലത്തിലുടനീളം ബോർഡുകൾ. വോട്ട് ചോദിക്കാൻ തുടങ്ങിയില്ലെങ്കിലും മണ്ഡലത്തിൽ കേന്ദ്രീകരിച്ച പ്രവർത്തനവും നേരത്തെ തുടങ്ങിയിട്ടുണ്ട്. കെ സുധാകരനടക്കമുള്ളവർ ഹൈക്കമാൻഡ് തീരുമാനം കാത്തിരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിലാണ് ഇപ്പോഴും സസ്പെൻസ്.
കണ്ണൂർ വിമാനത്താവളം മുതൽ ബീച്ച് ആധുനികവൽക്കണവും റെയിൽവേ സ്റ്റേഷൻ നവീകരണവും സ്കൂളുകളുടെ സൗകര്യം വർധിപ്പിക്കലും വരെ കണ്ണൂരിന്‍റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞുള്ള കൂറ്റൻ ബോർഡുകൾ സർക്കാരിന്‍റെയോ പാർട്ടിയുടേതോ അല്ല. റൈസിങ് കണ്ണൂരെന്ന പേരിൽ പി കെ ശ്രീമതിയെ മാത്രം ഉയർത്തിക്കാട്ടിയുള്ളതാണ് മണ്ഡലത്തിലുടനീളം ഉള്ള ബോർഡുകൾ.
സർക്കാരിന്‍റെ ആയിരംദിന നേട്ടങ്ങൾ കാട്ടിയുള്ള പ്രചാരണ ബോർഡുകൾക്ക് പുറമെയാണിത്. ഒരുമുഴം മുൻപേ തുടങ്ങിയെങ്കിലും പാർട്ടിയുടെ പ്രഖ്യാപനം ഔദ്യോഗികമായി വന്നിട്ടില്ലാത്തതിനാൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് എം പി ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷെ വികസനത്തിന്‍റെ കാര്യത്തിൽ ആത്മവിശ്വാസത്തിലാണ്.
യുഡിഎഫ് ഇപ്പോഴും ആര് വരുമെന്ന ആകാംക്ഷയിൽ നിൽക്കുകയാണ്. വിജയസാധ്യതയുണ്ടെങ്കിലും മത്സരിക്കാൻ കെ സുധാകരൻ സന്നദ്ധതയറിയിച്ചിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം കാത്ത് നിൽക്കുകയാണ്. സുധാകരൻ കാസർഗോട്ടേക്കാണെങ്കിൽ അബ്ദുള്ളക്കുട്ടിയോ അതോ രാഹുൽ ബ്രിഗേഡിൽ നിന്നുള്ള യുവ നേതാവോ എന്ന ചർച്ചകൾക്ക് ആക്കം കൂടുകയാണ്.
