ദിസ്‌പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങള്‍ കോണ്‍ഗ്രസ്‌ വിലയിരുത്തുന്നതിനിടെ പാര്‍ട്ടിയെ നിശിതമായി വിമര്‍ശിച്ച്‌ അസമില്‍ നിന്നുള്ള എംപി ഗൗരവ്‌ ഗൊഗോയി. രാജ്യത്തിന്റെ പള്‍സ്‌ അറിയുന്നതില്‍ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടു എന്നത്‌ സംശയമില്ലാത്ത കാര്യമാണെന്നാണ്‌ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനായ ഗൗരവ്‌ അഭിപ്രായപ്പെട്ടത്‌.

"കോണ്‍ഗ്രസിന്റെ ഉദ്ദ്യേശശുദ്ധി, ശക്തമായ പ്രചാരണം, പ്രശ്‌നാധിഷ്‌ഠിത നയങ്ങള്‍, വ്യക്തിപരമായ ആക്രമണങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ കൃത്യമായ സമീപനം...എന്നിട്ടും രാജ്യത്തിന്റെ പള്‍സ്‌ അറിയുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ജനവിധിയില്‍ നിന്ന്‌ പാഠങ്ങളുള്‍ക്കൊണ്ട്‌ ചര്‍ച്ചകള്‍ നടത്താന്‍ പാര്‍ട്ടി തയ്യാറാവണം." ഗൗരവ്‌ ഗൊഗോയി പറഞ്ഞു.

ജനവിധി ഇപ്പോള്‍ വ്യക്തമായതായി ഗൗരവ്‌ ഗൊഗോയി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ രണ്ടാംവട്ടവും അധികാരത്തിലേറണമെന്ന്‌ അവര്‍ ആഗ്രഹിച്ചു. ബിജെപിക്ക്‌ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു, പ്രചാരണയുദ്ധങ്ങളും കഴിഞ്ഞു, ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെക്കുറിച്ച്‌ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.