ദില്ലി: മാതൃക പെരുമാറ്റച്ചട്ട ലം​ഘനം നടത്തിയെന്നാരോപിച്ച് ബിജെപി സ്ഥാനാർത്ഥി ഗൗതം ഗംഭീറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ക്രിക്കറ്റ് താരമായ ​ഗൗതം ​ഗംഭീർ അഭിനയിച്ച പരസ്യം പത്രത്തിൽ അച്ചടിച്ച് വന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പരസ്യം രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ളതും മാതൃക പെരുമാറ്റച്ചട്ട ലം​ഘിക്കുന്നതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

ക്രിക്കറ്റ് ​ഗെയിം ആപ്പായ 'ക്രിക്ക്പ്ലേ'യുടെ പരസ്യത്തിലാണ് ​ഗൗതം അഭിനയിച്ചത്. ​ഗൗതം ​ഗംഭീറിന്റെ ചിത്രമുൾപ്പടെ അച്ചടിച്ച് വന്ന പരസ്യം മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കമ്മീഷൻ വ്യക്തമാക്കി. ഈസ്റ്റ് ദില്ലിയിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗതം ​ഗംഭീറിന് നോട്ടീസ് അയച്ചത്. 

'അബ് മേരെ സാത്ത് ഇന്ത്യ ഖേലേ​ഘ' (ഇനി മുതൽ എൻ്റെയൊപ്പം ഇന്ത്യ കളിക്കും) എന്ന ടാ​ഗ്‍ലൈനോടുകൂടിയതാണ് പരസ്യം. പരസ്യം പ്രസിദ്ധീകരിച്ച പത്രത്തിനെതിരേയും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. മെയ് രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കമ്മീഷന് മുന്നിൽ ഹാജരാകുന്നതിൽ വീഴ്ച്ച വരുത്തിയാൽ കർശന നടപടിയെടുക്കു‌മെന്നും നോട്ടീസിൽ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ദില്ലിയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന ക്രിക്കറ്റ് താരമാണ് ഗൗതം ഗംഭീർ.