ഏറെ നാളായി ഗംഭീര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നവജ്യോത് സിംഗ് സിദ്ദു, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിങ്ങനെ ക്രിക്കറ്റ് പിച്ചില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവര്‍ നിരവധിയാണ്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ കളത്തിലിറങ്ങുമെന്ന് സൂചന. ഇത്തവണ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഇന്ത്യയുടെ ലോകകപ്പ് ഹീറോ ദില്ലിയിലാണ് മത്സരിക്കുകയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറെ നാളായി ഗംഭീര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നവജ്യോത് സിംഗ് സിദ്ദു, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിങ്ങനെ ക്രിക്കറ്റ് പിച്ചില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവര്‍ നിരവധിയാണ്. അവരുടെ പാതയിലേക്കാണ് ബിജെപി സ്ഥാനാര്‍ഥിയായാല്‍ ഗംഭീറുമെത്തുക.

ക്രിക്കറ്റില്‍ നിന്ന് മാറി രാജ്യത്തെ മറ്റ് കാര്യങ്ങളിലും പ്രതികരണം നടത്തുന്നയാളാണ് ഗൗതം ഗംഭീര്‍. നേരത്തെ, ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഗംഭീര്‍ വിമര്‍ശിച്ചിരുന്നു.

ദില്ലിയില്‍ ആയിരക്കണക്കിന് പ്രശ്‌നങ്ങളുള്ളപ്പോള്‍ കെജ്രിവാള്‍ നിരാഹാരമിരിക്കുന്നത് നാണക്കേടാണ് എന്നാണ് ഗംഭീര്‍ പ്രതികരച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിലും രൂക്ഷ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു.

പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് പരമാവധി സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയേയും അപ്രസക്തരാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ബിജെപി മുന്നോട്ട് പോകുന്നത്.