ദില്ലി: വോട്ടര്‍ ഐഡി വിവാദത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് മറുപടിയുമായി ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ഗംഭീറിന് രണ്ടിടങ്ങളില്‍ വോട്ടുണ്ടെന്ന് കാണിച്ച് ആം ആദ്മി സ്ഥാനാര്‍ത്ഥി അതിഷി കോടതിയില്‍ പരാതി നല്‍കിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടേത് നിഷേധാത്മക രാഷ്ട്രീയമാണെന്നാണ് ഗംഭീര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

"കഴിഞ്ഞ നാലര വര്‍ഷവും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതിരിക്കുകയും മുമ്പോട്ട് കൃത്യമായ വീക്ഷണം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ എതിരാളികള്‍ക്ക് നേരെ ഉന്നയിക്കുക സ്വാഭാവികമാണ്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കട്ടെ. കൃത്യമായ വീക്ഷണമുള്ളവര്‍ ഇത്തരം നിഷേധാത്മക രാഷ്ട്രീയം കളിക്കില്ല." ഗൗതം ഗംഭീര്‍ പ്രതികരിച്ചു. 

ദിവസങ്ങള്‍ക്ക് മുമ്പാണ് ഗംഭീറിനെതിരെ പരാതിയുമായി അതിഷി കോടതിയെ സമീപിച്ചത്. ഒന്നിലധികം  വോട്ടര്‍ ഐഡി ഒരാളുടെ പേരിലുള്ളത് ക്രിമിനല്‍ കുറ്റമായതിനാല്‍ ഗൗതം ഗംഭീറിന്‍റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം. കരോള്‍ബാഗ്, രജീന്ദര്‍ നഗര്‍ മണ്ഡലങ്ങളിലെ ഗംഭീറിന്‍റെ വോട്ടര്‍ ഐഡികളുടെ വിവരങ്ങളും ട്വിറ്ററിലൂടെ അതിഷി പുറത്തുവിട്ടിരുന്നു.