രജീന്ദര്‍ നഗറില്‍ മാത്രമാണ് തനിക്ക് വോട്ടുള്ളതെന്ന് ഗംഭീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദില്ലി: തന്‍റെ പേരില്‍ രണ്ട് വോട്ടര്‍ ഐഡി ഉണ്ടെന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍. രജീന്ദര്‍ നഗറില്‍ മാത്രമാണ് തനിക്ക് വോട്ടുള്ളതെന്നും ഗംഭീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
"എനിക്ക് ഒരു വോട്ടര്‍ ഐഡി മാത്രമേ ഉള്ളു. അത് രജീന്ദര്‍ നഗറിലേതാണ്. വേറൊരു വോട്ടര്‍ ഐഡിയും എനിക്കില്ല". ഗംഭീര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് ഗംഭീര്‍ വ്യക്തമായൊരു മറുപടി ഇക്കാര്യത്തില്‍ പറയുന്നത്.
ഗൗതം ഗംഭീറിന്‍റെ പേരില്‍ രണ്ട് വോട്ടര്‍ ഐഡി ഉണ്ടെന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഈസ്റ്റ് ദില്ലി സ്ഥാനാര്‍ത്ഥിയുമായ അതിഷിയുടെ ആരോപണം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. രജീന്ദര്‍ നഗറിലും കരോള്‍ ബാഗിലും ഗംഭീറിന് വോട്ടുണ്ടെന്നായിരുന്നു അതിഷിയുടെ ആരോപണം. ഇത് ക്രിമിനല്‍ കുറ്റമാണെന്നും ഗംഭീറിന്‍റെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ആം ആദ്മി പാര്‍ട്ടിയുടേത് നിഷേധാത്മക രാഷ്ട്രീയമാണെന്നും ആരോപണത്തില്‍ തെരഞ്ഞെടുപ്പ കമ്മീഷന്‍ അന്തിമതീരുമാനമെടുക്കട്ടെ എന്നുമായിരുന്നു ആരോപണങ്ങളോട് ഇതുവരെയുള്ള ഗൗതം ഗംഭീറിന്‍റെ നിലപാട്.
