Asianet News MalayalamAsianet News Malayalam

ഗൗതം ഗംഭീർ ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥി: മണ്ഡലത്തിൽ ത്രികോണപ്പോര്

രാജ്യതലസ്ഥാനത്ത് പരമാവധി സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയേയും അപ്രസക്തരാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ബിജെപി ഗംഭീറിനെ അടക്കമുള്ള പ്രമുഖരെ രംഗത്തിറക്കിയിരിക്കുന്നത്. 

Gautam Gambhir to contest to loksabha in bjp ticket
Author
Delhi, First Published Apr 22, 2019, 9:50 PM IST

ദില്ലി: മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബിജെപി ടിക്കറ്റിൽ ഈസ്റ്റ് ദില്ലിയിൽ നിന്ന് മത്സരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗൗതം ഗംഭീർ കഴിഞ്ഞ മാസമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിജെപിയിൽ അംഗത്വമെടുത്തത്. ഗംഭീർ ദില്ലിയിൽ മത്സരിച്ചേക്കുമെന്ന് അന്ന് തന്നെ റിപ്പോ‍‌‌‌‌ർട്ടുകളുണ്ടായിരുന്നു. 

ദില്ലിയിലെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ആതിഷി മർലേനയാണ് ഈസ്റ്റ് ദില്ലിയിലെ ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി. അരവിന്ദർ സിങ്ങ് ലവ്‍ലിയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പത്മശ്രീ പുരസ്കാര ജേതാവായ ഗംഭീർ വേൾഡ് കപ്പ് ഹീറോ എന്ന വിശേഷണത്തിന് കൂടി ഉടമയാണ്. ദില്ലിയിലെ രാജേന്ദ്രനഗര്‍ സ്വദേശിയായ ഗംഭീര്‍ ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ രംഗത്തെത്തിയിരുന്നു.

രാജ്യതലസ്ഥാനത്ത് പരമാവധി സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയേയും അപ്രസക്തരാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ബിജെപി ഗംഭീറിനെ അടക്കമുള്ള പ്രമുഖരെ രംഗത്തിറക്കിയിരിക്കുന്നത്. 

ന്യൂ ദില്ലി മണ്ഡലത്തിൽ നിന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി മത്സരിക്കും. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കനാണ്. ബ്രജേഷ് ഗോയലാണ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി.

കോൺഗ്രസിന്‍റെയും ആം ആദ്മി പാർട്ടിയുടെയും സഖ്യ നീക്കം പൊളിഞ്ഞതോടെ രാജ്യതലസ്ഥാനത്ത് ബിജെപിക്ക് മേൽക്കൈയുണ്ടെന്നാണ് സർവേ റിപ്പോർട്ടുകൾ പറയുന്നത്. ദില്ലി നഗരത്തിൽ സ്വാധീനമുറപ്പിക്കാൻ ബിജെപി കടുത്ത പരിശ്രമത്തിലാണ്. നഗരത്തിലെ സമ്പന്നമേഖലകളിലാണ് ബിജെപിക്ക് മേൽക്കൈയുള്ളത്. മധ്യവർഗക്കാരും പാവപ്പെട്ടവരും കഴിയുന്ന ഇടങ്ങളിൽ ആം ആദ്മി പാർട്ടിക്ക് തന്നെയാണ് ഇപ്പോഴും മേൽക്കൈ. ചിലയിടങ്ങളെങ്കിലും കോൺഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളാണ്. 

ബദ്ധവൈരികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിച്ചെങ്കിൽ ബിജെപിയുടെ നീക്കം പാളിയേനെ. എന്നാൽ ദില്ലി നഗരത്തിലെ ബിജെപിയുടെ വോട്ടു ബാങ്ക് നിലനിർത്താൻ കഴിയുന്നതിനൊപ്പം എതിർ ചേരിയിലെ വോട്ടുകൾ ഭിന്നിപ്പിക്കാൻ കഴിഞ്ഞാൽ ബിജെപിക്ക് ജയമുറപ്പെന്നാണ് കണക്കുകൂട്ടൽ. 

Follow Us:
Download App:
  • android
  • ios