ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപാതപരമായ നിലപാടെടുക്കുന്നുവെന്ന് വിയോജിപ്പ്‌ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കും എതിരായ പെരുമാറ്റ ചട്ട ലംഘന പരാതികളിൽ ഏകപക്ഷീയമായാണ് ക്ലീൻ ചിറ്റ് നൽകിയതെന്ന് അശോക് ലവാസ പറഞ്ഞു. 

തന്‍റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലവാസ. പെരുമാറ്റ ചട്ട ലംഘന പരാതികൾ പരിഗണിക്കുന്ന മുഖ്യ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളിൽ ക്ലീൻ ചിറ്റ് നല്കുന്നതിൽ ലവാസയ്ക്ക് വിയോജിപ്പ്‌ ഉണ്ടായിരുന്നു. യോഗത്തിൽ വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടും അന്തിമ ഉത്തരവിൽ അത് ഉണ്ടായിരുന്നില്ലെന്നും ലവാസ പറഞ്ഞു.

പ്രധാനമായും രണ്ട് പരാതികളിലാണ് അശോക് ലവാസ വിയോജിപ്പ് കാണിച്ചത്. ഒന്ന് ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമർശത്തിലും പുൽവാമയ്ക്ക് തിരിച്ചടി നൽകിയവർക്ക് വോട്ട് നൽകണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്. 

ജനാധിപത്യ സംവിധാനത്തിന്‍റെ മറ്റൊരു കറുത്ത ദിനം കൂടി എന്നുള്ളതായിരുന്നു രൺദീപ് സിങ് സുർജേവാലയുടെ പ്രതികരണം. വീണ്ടും ജനാധിപത്യ സ്ഥാപനത്തിൽ നിന്നുമൊരു വിയോജിപ്പിന്‍റെ ശബ്ദം ഉയരുന്നതെന്നും സുർജേവാല പറഞ്ഞു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.