മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്‍റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും. കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും 1517 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് വയസുകാരന്‍റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. അതിനാല്‍ കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഹാരിസ് എന്നീ വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഈ സംഘം രാത്രി ഏഴ് മണിയോടെ രാജഗിരി ആശുപത്രിയിലെത്തുമെന്നും മന്ത്രിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. കുട്ടിയെ മർദ്ദിച്ച സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

അമ്മയെ വധശ്രമം ചുമത്തി അറസ്റ്റ് ചെയ്തു

ഇതിനിടെ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നരമാണ് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ശരീരത്തിലെ മറ്റ് മുറിവുകൾ മര്‍ദനത്തെ തുടർന്ന് സംഭവിച്ചതാണെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് അറസ്റ്റ്. കുഞ്ഞിന്‍റെ പരിക്കുകള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ വിശദമാക്കിയിരുന്നു. 

വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്‍റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഈ മുറിവുകൾ കണ്ടതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തുകയായിരുന്നു. 

അതേസമയം, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍റെ ശസ്ത്രക്രിയ പൂർത്തിയായി. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നെന്ന് ഡോക്ടർമാർ വിശദമാക്കി. കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ വലത് മസ്തിഷ്കത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ട്. സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടി വെന്‍റിലേറ്ററിൽ തുടരുകയാണ്. 

കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ആശുപത്രി അധികൃതരുമായും സംസാരിച്ചു. കുട്ടിയുടെ ചികിത്സയ്ക്കും സുരക്ഷയ്ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യ നില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് കുട്ടിയുടേത്. പ്രത്യേക മെഡിക്കല്‍ സംഘം കുട്ടിയുടെ ആരോഗ്യ നില വിലയിരുത്തിയ ശേഷമായിരിക്കും കുട്ടിയെ വേറെ എവിടേക്കെങ്കിലും മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂരമര്‍ദനമുണ്ടാകുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള എല്ലാവിധ അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തണല്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ബന്ധുക്കളും അയല്‍ വീട്ടുകാരും ഈ നമ്പർ ശ്രദ്ധിക്കണമെന്നും കുട്ടികള്‍ക്ക് നേരെ എന്തെങ്കിലും അതിക്രമം കണ്ടാല്‍ ഈ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.