ബിഹാറിൽ മഹാസഖ്യത്തിലെ സീറ്റ് വിഭജനം ഇന്ന് പാറ്റ്നയിൽ പ്രഖ്യാപിക്കും. 

പാറ്റ്‍ന: ബിഹാറിൽ മഹാസഖ്യത്തിലെ സീറ്റ് വിഭജനം ഇന്ന് പാറ്റ്നയിൽ പ്രഖ്യാപിക്കും. ആര്‍ജെഡിക്ക് 19 സീറ്റും കോണ്‍ഗ്രസിന് 9 സീറ്റും കിട്ടും. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മത്സരിക്കാന്‍ ഏകദേശ ധാരണയുണ്ടായിരുന്നെങ്കിലും ഘടകകക്ഷി സമ്മര്‍ദ്ദം കാരണമാണ് തീരുമാനം വൈകിയത്. കൂടാതെ ബീഹാറില്‍ 11 സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എട്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്നായിരുന്നു ആര്‍ജെഡി.

എൻഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ അര്‍എൽഎസ് പിക്ക് 4 സീറ്റ്. ജിതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും ശരത് യാദവിന്‍റെ പാര്‍ട്ടിക്കും രണ്ടു വീതം സീറ്റ് എന്നതാണ് ധാരണ. എൻഡിഎ സ്ഥാനാർഥികളെയും ഇന്ന് പ്രഖ്യാപിക്കും. 17 വീതം സീറ്റിലാണ് ബിഹാറിൽ ബിജെപിയും ജെഡിയുവും മൽസരിക്കുന്നത്.

ഏപ്രില്‍ 11 നാണ് ബീഹാറില്‍ വോട്ടെടുപ്പ് തുടങ്ങുക. ബെഗുസരായ് മണ്ഡലത്തില്‍ നിന്നും കനയ്യ കുമാര്‍ ജനവിധി തേടുമെന്നും ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം കനയ്യകുമാറിനെ പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്.