സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ കർശനമാക്കിയതായി പൊലീസ് അറിയിച്ചു. പുല്‍വാമയിലെ ത്രാല്‍ മേഖലയിലുള്ള പോളിങ് ബൂത്തിലേക്ക് കല്ലേറ് നടന്നതായും റിപ്പോർട്ടുണ്ട്. 

പുൽവാമ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുൽവാമയിലുള്ള പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം. റോഹ്‌മോ മേഖലയിലെ പോളിങ് ബൂത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപയങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ കർശനമാക്കിയതായി പൊലീസ് അറിയിച്ചു. പുല്‍വാമയിലെ ത്രാല്‍ മേഖലയിലുള്ള പോളിങ് ബൂത്തിലേക്ക് കല്ലേറ് നടന്നതായും റിപ്പോർട്ടുണ്ട്. ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം വോട്ടെടുപ്പ് നടക്കുന്നതിനിടെ ബംഗാളിലെ ബാരഗ്പൂരിലെ ബൂത്തിനു നേരെ ബോംബേറുണ്ടായി. സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി അര്‍ജുന്‍ സിങ്ങിന് പരുക്കേറ്റു. അക്രമണത്തിനുപിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അര്‍ജുന്‍ സിങ് സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ 51 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അമേഠിയും റായ്ബറേലിയും അടക്കം ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ബിഹാറിലെ 5 സീറ്റുകളിലും ഝാര്‍ഘണ്ഡിലെ 4 സീറ്റിലും ജനങ്ങൾ ഇന്ന് വോട്ട് ചെയ്യും.

ബിജെപിക്ക് അധികാരത്തിലെത്താൻ വലിയ സഹായമായ ഈ സീറ്റുകളിൽ ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ആഗ്രഹിക്കുന്നത്. രാഹുൽ ഗാന്ധിയും സ്മൃതി ഇറാനിയും പോരാട്ടത്തിനിറങ്ങുന്ന അമേഠി തന്നെയാണ് ഈ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം.