ഗാന്ധിന​ഗർ: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ​ഗുജറാത്ത് മന്ത്രി ഗണപത് വാസവ. മോദിയെ കാണുമ്പോൾ ​ഗുജറാത്തിലെ സിംഹം നിൽക്കുന്നത് പോലെയാണ് തോന്നുന്നതെന്നും അതേസമയം രാഹുൽ വാലാട്ടി നിൽക്കുന്ന നായ്ക്കുട്ടിയെ പോലെയാണെന്നും ഗണപത് വാസവ പറഞ്ഞു.​ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് രാഹുലിനെതിരെ മന്ത്രി വിമർശനമുന്നയിച്ചത്.

'പ്രധാനമന്ത്രി നിൽക്കുമ്പോൾ ​ഗുജറാത്തിലെ സിംഹം നിൽക്കുന്നതുപോലെയാണ് തോന്നുക. എന്നാൽ രാഹുൽ നിൽക്കുമ്പോൾ നായ്‍ക്കുട്ടി വാലാട്ടുന്നതു പോലെയാണ് തോന്നുന്നത്. പാകിസ്ഥാൻ റൊട്ടി കൊടുത്താൽ അത് പാകിസ്ഥാനിലേക്ക് പോകും ചൈന റൊട്ടി കൊടുത്താല്‍ അത് ചൈനയിലേക്കും പോകും'- ഗണപത് വാസവ രാഹുലിനെ ആക്ഷേപിച്ചുകൊണ്ട് പറഞ്ഞു.

ഇതാദ്യമായല്ല ​ഗണപത് വാസവ  രാഹുലിനെതിരെ വിമർശനമുന്നയിക്കുന്നത്. രാഹുല്‍ ഗാന്ധി ഹിന്ദു ദൈവം ശിവന്‍റെ അവതാരമാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ  രാഹുലിന് വിഷം കൊടുത്ത് അത് തെളിയിക്കണമെന്ന് വാസവ പറഞ്ഞിരുന്നു. എന്നാൽ ഈ പാരാമർശം വിവാദമായതോടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കുള്ള മറുപടിയാണ് താൻ പറഞ്ഞതെന്നായിരുന്നു വാസവയുടെ മറുപടി.