ലക്നൗ: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 12 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി ബുധനാഴ്ച പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം 78 പേരുടെ ആദ്യഘട്ട പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ഇതോടെ ഹരിയാനയിലെ 90 സീറ്റുക​ളിലേക്കുമുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More: തെരഞ്ഞെടുപ്പ് ഗോദയിൽ ബബിത ഫോഗട്ടും, യോഗേശ്വർ ദത്തും; ഹരിയാന തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ബിജെപി സ്ഥാനാർത്ഥികൾ

മഹിളാ മോർച്ച സംസ്ഥാന ഉപാധ്യക്ഷ സൊനാലി ഫോഗട്ട് ആദം പുരിൽ ജനവിധി തേടും. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട്, യോഗേശ്വർ ദത്ത്, മുൻ ഹോക്കി ടീം നായകൻ സന്ദീപ് സിംഗ് എന്നിങ്ങനെ വൻ താരനിര തന്നെ ഉണ്ടായിരുന്നു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കഴിഞ്ഞ തവണ വിജയിച്ച കർണാൽ സീറ്റിൽ നിന്ന് തന്നെയാണ് വീണ്ടും ജനവിധി തേടുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറാല തോഹാന മണ്ഡലത്തിൽ നിന്നും ധനമന്ത്രി ക്യാപ്റ്റൻ അഭിമന്യു നർനൗദിൽ നിന്നുമാണ് ജനവിധി തേടുന്നത്. ദാദ്രിയിൽ നിന്നാണ് ബബിത ഫോഗട്ട് തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുന്നത്. യോഗേശ്വർ ദത്ത് ബറോഡയിൽ നിന്ന് മത്സരിക്കും. പെഹോവയിൽ നിന്നാണ് മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ സന്ദീപ് സിംഗ് മത്സരിക്കുന്നത്.