ഹര്‍ജി പിന്‍വലിക്കുന്ന കാര്യം ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കെ.സുരേന്ദ്രനോട് ഹൈക്കോടതി നിര്‍ദേശിച്ചു. 

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാന്‍ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നടപടികളാരംഭിച്ചു. ഹര്‍ജി പിന്‍വലിക്കുന്ന കാര്യം ഗസറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കെ.സുരേന്ദ്രനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ നാലിന് ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും. 

ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആർക്കെങ്കിലും എതിർപ്പുണ്ടോയെന്ന് പരിശോധിക്കുന്നതാണ് നടപടി ക്രമമെന്ന് കോടതി വിശദീകരിച്ചു. ആരും എതിര്‍പ്പ് ഉന്നയിക്കാത്ത പക്ഷം മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കുന്നതായി കോടതി അറിയിക്കും. ഇതോടെ അവിടെ ഉപതെര‍ഞ്ഞെടുപ്പ് നടത്താന്‍ വേണ്ട നടപടികളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കടക്കാം.

ഒക്ടോബര്‍ 20-നാണ് മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖ് മരണപ്പെടുന്നത്. ചട്ടപ്രകാരം എപ്രില്‍ 20-നകം മഞ്ചേശ്വരത്ത് പുതിയ എംഎല്‍എയെ തെരഞ്ഞെടുക്കേണ്ടതായിരുന്നു. നിലവില്‍ പൊതുതെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നതിനാല്‍ ജൂണ്‍ അവസാനമോ ജൂലൈ ആദ്യ വാരമോ മഞ്ചേശ്വരത്ത് ഉപതെര‍ഞ്ഞെടുപ്പ് നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.