ഹൈദരാബാദ്: ഗോമൂത്രം കൊണ്ട് ചികിത്സിച്ചതിന് ശേഷമാണ് തന്റെ സ്തനാർബുദം സുഖപ്പെട്ടതെന്ന സാധ്വി പ്ര​ഗ്യ സിം​ഗ് താക്കൂറിന്റെ വെളിപ്പെടുത്തലിൽ ബിജെപിയെ പരിഹസിച്ച് മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റും എംപിയുമായ അസാദുദ്ദീൻ ഒവൈസി. ആരോ​ഗ്യ വകുപ്പ് മന്ത്രിയാക്കാനുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയെന്ന് ബിജെപിയെ പരിഹസിച്ച് ഒവൈസി ട്വീറ്റ് ചെയ്തു‌.  

'ശാസ്ത്ര-സാങ്കേതികവിദ്യാ വകുപ്പിന്റെ ഉത്തരവാദിത്വവും കൂടി നൽകികൊണ്ട് ആരോ​ഗ്യ വകുപ്പ് മന്ത്രിയാക്കാനുള്ള സ്ഥാനാര്‍ത്ഥിയെ ബിജെപി കണ്ടെത്തി. ദൗർഭാഗ്യവശാൽ, 'മുൻ പ്രധാനമന്ത്രി' ആകാനുള്ള നരേന്ദ്ര മോദിക്ക് അത് കാണാനുള്ള അവസരം ലഭിക്കില്ല', ഒവൈസി കുറിച്ചു.

ഇന്ത്യ ടുഡേയുടെ റിപ്പോർ‌ട്ടറുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ സാധ്വി പ്ര​ഗ്യ സിം​ഗ് താക്കൂറിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ പലയിടങ്ങളിലും പശുക്കളെ വളരെ മോശം അവസ്ഥയിലാണ് പരിപാലിക്കുന്നതെന്നും സ്വന്തമായി പശുവുള്ളത് അമൃത് കൈവശം വെക്കുന്നത് പോലെയാണെന്നും പ്ര​ഗ്യ പറഞ്ഞു.