2014 ൽ സംസ്ഥാനത്തു ഏറ്റവും കുറഞ്ഞ പോളിംഗ് പത്തനംതിട്ടയിലായിരുന്നു. എന്നാല്‍ ഇത്തവണ പോളിംഗ് തുടങ്ങിയത് മുതൽ ശതമാനം കുതിച്ചയർന്നു. ത്രികോണ പോരും ശബരിമലയും പ്രചാരണ ആവേശവും എല്ലാം വോട്ടർമാരെ കൂട്ടത്തോടെ ബൂത്തിൽ എത്തിച്ചു.
പത്തനംതിട്ട: ത്രികോണ പോര് നടന്ന പത്തനംതിട്ടയിലെ ഉയർന്ന പോളിംഗ് ശതമാനത്തെ ചൊല്ലിയുള്ള പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. ശബരിമല ചർച്ചയായ മണ്ഡലത്തിൽ ഹിന്ദു ഭൂരിപക്ഷ മേഖലകൾക്കൊപ്പം ന്യൂനപക്ഷ കേന്ദ്രങ്ങളിലും ഉണ്ടായത് കനത്ത പോളിംഗാണ്. 2014 ൽ സംസ്ഥാനത്തു ഏറ്റവും കുറഞ്ഞ പോളിംഗ് പത്തനംതിട്ടയിലായിരുന്നു. എന്നാല്‍ ഇത്തവണ പോളിംഗ് തുടങ്ങിയത് മുതൽ ശതമാനം കുതിച്ചയർന്നു.
ത്രികോണ പോരും ശബരിമലയും പ്രചാരണ ആവേശവും എല്ലാം വോട്ടർമാരെ കൂട്ടത്തോടെ ബൂത്തിൽ എത്തിച്ചു. ഭൂരിപക്ഷ സമുദായ കേന്ദ്രങ്ങളായ ആറന്മുളയിലും കോന്നിയിലും അടൂരിലും ഉയർന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മറു വശത്ത് ക്രിസ്ത്യൻ കേന്ദ്രീകൃത മേഖലകളായ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും വൻ പോളിംഗ് രേഖപ്പെടുത്തി.
ഹൈന്ദവ വോട്ടിൽ നിശ്ചിത ശതമാനവും പിന്നെ ന്യൂന പക്ഷ വോട്ട് ഏകീകരണവും വഴി സീറ്റ് നിലനിർത്താമെന്നാണ് യുഡിഫ് കണക്കു കൂട്ടൽ. ആറന്മുളയിലെയും അടൂരിലെയും പാർട്ടി വോട്ടുകൾ ഒന്നും ചോരില്ലെന്നാണ് എൽ ഡി എഫ് വിലയിരുത്തൽ. അവസാനം ബാവ തിരുമേനി പ്രസ്‍താവന വഴി ഓർത്തഡോൿസ് പിന്തുണ ഉറപ്പായെന്നും അതാണ് കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും കണ്ടതെന്നും വീണ ജോർജ് കരുതുന്നു.
ആറന്മുളയിലും അടൂരിലും കോന്നിയിലും ഹിന്ദു വിശ്വാസി ഏകീകരണത്തിലാണ് സുരേന്ദ്രന്‍റെ എല്ലാ വിശ്വാസവും. അതേസമയം ന്യൂന പക്ഷ വോട്ടു ചിതറി പോകണമെന്ന വെല്ലുവിളിയും ബിജെപി നേരിടുന്നുണ്ട്. പൂഞ്ഞാറിൽ പി സി ജോർജ് വഴി താമരയ്ക്ക് വോട്ട് എത്തുമെന്നും ബിജെപി കരുതുന്നുണ്ട്. ചുരുക്കത്തിൽ ഉയർന്ന പോളിംഗ് വീണ്ടും പത്തനംതിട്ടയിലെ ആകാംക്ഷ കൂട്ടുകയാണ്.
