തിരുവനന്തപുരം: കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് പരക്കെ സംഘർഷം. കൊല്ലത്ത് നിരവധി വാഹനങ്ങൾ തകർത്തു. തിരുവനന്തപുരത്തും പാലക്കാടും കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. വേളിയിൽ എകെ ആന്‍റണിയുടെ റോഡ്ഷോ തടഞ്ഞു.പലയിടങ്ങളിലും പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചു വിട്ടത്. 

പാലക്കാട് രണ്ടിടങ്ങളിലായി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് മുതലമട അംബേദ്കര്‍ കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശിവരാജനും ഗോവിന്ദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജയ്‍ലാവ്ദീനുമാണ് വെട്ടേറ്റത്. ശിവരാജനെ കൂടാതെ  മറ്റ് മൂന്ന് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കിട്ടുചാമി, വിജയ്, സുരേഷ് എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ശിവരാജന്‍റെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം. 

അതേസമയം തലക്ക് വെട്ടേറ്റ  ജയ്‍ലാവ്ദീനെ പാലക്കാട് നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജയ്‍ലാവ്ദീനൊപ്പം ഏഴ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.  ആക്രമണമേറ്റ നേതാവിനെ ആംബുലന്‍സില്‍ കയറ്റാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഗോവിന്ദാപുരത്തെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. കൊട്ടിക്കലാശത്തിന് ശേഷം വ്യാപകമായ അക്രമമാണ് പാലക്കാടിന്‍റെ വിവിധ മേഖലകളില്‍ പോലും നടന്നത്. 

തിരുവനന്തപുരത്ത് രണ്ട്  കോൺഗ്രസ് പ്രവർത്തകര്‍ക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടിൽ കയറിയാണ് കോൺഗ്രസ് പ്രവർത്തകനെ അക്രമികള്‍ വെട്ടിയത്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ക്ക് വെട്ടേറ്റത്. മംഗലപുരം പഞ്ചായത്തംഗം അജയ രാജ്, സിയാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അജയ രാജിന്‍റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. അജയ രാജിനെ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസുകാരുടെ അടിയേറ്റ് പരിക്കേറ്റ ഒരു സിപിഎം പ്രവര്‍ത്തകനും ആശുപത്രിയില്‍ ചികിത്സയിലാണ്. 

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യഹരിദാസിന്‍റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി.പരിക്കേറ്റ രമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിൽ ആലത്തൂർ എംഎൽ എ കെ ഡി പ്രസേനനും പരിക്കേറ്റു. തിരുവനന്തപുരം വേളിയിൽ എ കെ ആന്‍റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ആന്റണിയെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു.

കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷത്തിനിടെ നിരവധി വാഹനങ്ങൾ തകർത്തു. ഒരു ബിജെപി പ്രവ‍ത്തകനെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ എസിപി അരുൺ രാജിന് പരിക്കേറ്റു. 
വടകര വില്യാപ്പള്ളിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ രൂക്ഷമായ കല്ലേറുണ്ടായി. പൊലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ ഇരു വിഭാഗം പ്രവ‍ർത്തകരയും കസ്റ്റഡിയിലെടത്തു. 

കാസർകോട് കൊട്ടിക്കലാശത്തിന് അനുവദിച്ച സ്ഥലം സംബന്ധിച്ച തർക്കം സംഘർഷത്തിലെത്തിയതോടെ രണ്ട് വാഹനങ്ങൾ തകർത്തു. ഉദുമയിൽ പൊലീസ് ലാത്തി വീശി. കണ്ണൂ‍ർ നഗരത്തിലും മട്ടന്നൂരിലും പഴയങ്ങാടിയലും സംഘർഷമുണ്ടായി. മട്ടന്നൂരിൽ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇരുവിഭാഗത്തിലുമായി ഇരുപത് പേർക്ക് പരിക്കേറ്റു. മലപ്പുറത്ത് പൊലീസും എൽഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. തിരുവല്ലയിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലും ഒരു പൊലീസുകാരന് പരിക്കേറ്റു.

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്‍റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഉടന്‍ തന്നെ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി വാഹനം കടത്തിവിടുകയായിരുന്നു. തൊടുപുഴയിലും എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കൊച്ചി പാലാരിവട്ടത്തും ആലപ്പുഴ സക്കറിയ ബസാറിലും സിപിഎം - എസ്‍‍ഡിപിഐ സംഘർഷമുണ്ടായി. അമ്പലപ്പുഴയിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘ‍ർഷം ഉണ്ടായതിനെ തുടർന്ന് കൊട്ടിക്കലാശം നേരത്തെ അവസാനിപ്പിച്ചു. കായംകുളത്തും പ്രവ‍ർത്തകർ ഏറ്റുമുട്ടി.