Asianet News MalayalamAsianet News Malayalam

അച്ഛനും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു; ബിജെപി മന്ത്രി രാജി വച്ചു

ഷിംലയിലെ ഊര്‍ജമന്ത്രിയും ബിജെപി നേതാവുമായ അനില്‍ ശര്‍മ്മ മന്ത്രിസ്ഥാനം രാജിവച്ചു.

himachal Pradesh Power Minister Anil Sharma resigned from the state's BJP government
Author
Himachal Pradesh, First Published Apr 12, 2019, 6:29 PM IST

ഷിംല: അച്ഛനും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ഷിംലയിലെ ഊര്‍ജമന്ത്രിയും ബിജെപി നേതാവുമായ അനില്‍ ശര്‍മ്മ മന്ത്രിസ്ഥാനം രാജിവച്ചു. മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന അച്ഛന്‍ സുഖ്‌റാമും തന്റെ മകന്‍ ആശ്രയ്‌ ശര്‍മ്മയും കഴിഞ്ഞയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌ അനില്‍ ശര്‍മ്മയെ പാര്‍ട്ടിക്കുള്ളില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ആശ്രയ്‌ ശര്‍മ്മ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മാണ്ഡിയില്‍ നിന്ന്‌ മത്സരിക്കുന്നുമുണ്ട്‌.

മകന്റെ സ്ഥാനാര്‍ത്ഥിത്വത്തെത്തുടര്‍ന്ന്‌ മാണ്ഡിയില്‍ ബിജെപിക്ക്‌ വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ അനില്‍ ശര്‍മ്മ തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ തന്നെ അനിലിനെ വിമര്‍ശിച്ച്‌ രംഗത്തെത്തി. പ്രചാരണരംഗത്ത്‌ നിന്ന്‌ വിട്ടുനില്‍ക്കാനുള്ള അനിലിന്റെ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതകള്‍ക്കും കാരണമായിരുന്നു. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങളുടെ ഫലമാണ്‌ ഇപ്പോഴത്തെ രാജിയെന്നാണ്‌ ലഭിക്കുന്ന സൂചന.

മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും എംഎല്‍എ സ്ഥാനമോ പാര്‍ട്ടിയംഗത്വമോ അനില്‍ ശര്‍മ്മ ഉപേക്ഷിച്ചിട്ടില്ല. സുഖ്‌റാമിനൊപ്പം 2017ലാണ്‌ കോണ്‍ഗ്രസ്‌ വിട്ട്‌ അനില്‍ ശര്‍മ്മ ബിജെപിയിലെത്തിയത്‌.
 

Follow Us:
Download App:
  • android
  • ios