Asianet News MalayalamAsianet News Malayalam

പ്രഗ്യ സിങിലെത്തിയ ഹേമന്ദ് ക‍ർക്കറെയുടെ അന്വേഷണം; മാലെഗാവ് സ്ഫോടനക്കേസിന്‍റെ നാൾവഴികൾ

പരാമർശം വിവാദമാകുകയും വലിയ പ്രതിഷേധങ്ങളുണ്ടാവുകയും ചെയ്തതോടെ പ്രഗ്യ സിങ് പ്രസ്താവന പിൻവലിച്ചെങ്കിലും വരും ദിവസങ്ങളിലും മാലെഗാവ് സ്ഫോടനക്കേസും ഹേമന്ദ് കർക്കറെയുമെല്ലാം ചൂടേറിയ ചർച്ചാ വിഷയമാകുമെന്നുറപ്പാണ്.   

how hemant karkare accused pragya sing in Malegaon blast case
Author
Delhi, First Published Apr 19, 2019, 11:53 PM IST

ഴിഞ്ഞ ബുധനാഴ്ചയാണ് മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രഗ്യ സിങ് ഠാക്കൂറിനെ ഭോപ്പാലിലെ സ്ഥാനാർ‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. രാജ്യം ഏറെ ചർച്ച ചെയ്ത ഒരു സ്ഫോടനക്കേസിൽ വിചാരണ നേരിടുന്ന വ്യക്തി സ്ഥാനാർത്ഥിയായി എത്തിയതോടെ 11 വർഷങ്ങൾക്ക് മുൻപ് നടന്ന മാലെഗാവ് സ്ഫോടനവും ചർച്ചകളിൽ നിറയുകയാണ്.

ആദ്യം മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കപ്പെട്ടെങ്കിലും അന്നത്തെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ദ് ക‌ർക്കറെയുടെ അന്വേഷണമാണ് സ്ഫോടനത്തിന് പിന്നിലെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തെത്തിച്ചത്. ഹിന്ദു തീവ്രവാദം എന്ന, ഇപ്പോൾ പ്രധാനമന്ത്രിയുൾപ്പടെ തള്ളിപ്പറയുന്ന വാക്ക് മാധ്യമങ്ങളിൽ വീണ്ടും നിറഞ്ഞത് മാലേഗാവ് സ്ഫോടനക്കേസിലൂടെയാണ്. 

മാലെഗാവ് സ്ഫോടനം 
2008 സെപ്റ്റംബർ 29 ന് മാലെഗാവിലെ ഷാക്കിൽ ഗൂഡ്സ് ആൻഡ് ട്രാൻസ്പോർട്ട് കമ്പനിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന എൽഎംഎൽ ഫ്രീഡം ബൈക്ക് പൊട്ടിത്തറിച്ചു. മുസ്ലിങ്ങൾ തിങ്ങിപ്പാർത്തിരുന്ന സ്ഥലത്തുണ്ടായ ഉഗ്ര സ്ഫോടനത്തിൽ ആറു പേർ മരിക്കുകയും 100ലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

രാജ്യത്തെ നടുക്കിയ മാലെഗാവ് സ്ഫോടനത്തിന് പിന്നിൽ പ്രവ‍ർത്തിച്ചവരെ കണ്ടെത്താനുള്ള ചുമതല അന്നത്തെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ തലവനായിരുന്ന ഹേമന്ദ് കർക്കറെയ്ക്കായിരുന്നു. സ്ഫോടക വസ്തുക്കളുമായി മാലെഗാവിലെത്തിയ ബൈക്കിന് പിറകെയുള്ള കർക്കറെയുടെ അന്വേഷണം ചെന്നെത്തിയത് പ്രഗ്യ സിങ് ഠാക്കൂറെന്ന പഴയ എബിവിപി ആക്ടിവിസ്റ്റിലായിരുന്നു. സ്ഫോടനം നടത്താൻ ഉപയോഗിച്ച ബൈക്ക് പ്രഗ്യ സിങിന്‍റെ പേരിലുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. 

സൂറത്ത്, നാസിക്, പൂനെ, ഭോപ്പാൽ, ഇൻഡോർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയ കർക്കറെയും സംഘവും സ്ഫോടനത്തിൽ ഗൂഢാലോചന നടത്തിയ സൈനികൻ ലെഫ്റ്റനന്‍റ് കേണൽ പ്രസാദ് പുരോഹിതിനെയും റിട്ടയേർഡ് മേജർ രമേശ് ഉപാധ്യായയെയും അറസ്റ്റ് ചെയ്തു.

മുസ്ലീങ്ങ‌ൾക്കെതിരെ ഹിന്ദു തീവ്രവാദികൾ നടത്തിയ നാളുകൾ നീണ്ട ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 2009 ജനുവരി 20ന് അന്വേഷണ സംഘം കേസിലെ ആദ്യ കുറ്റപത്രം മഹാരാഷ്ട്രയിലെ പ്രത്യേക മക്കോക്ക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്‍ഡ് ക്രൈം ആക്ട്) കോടതിയിൽ സമർപ്പിച്ചു. ശിവ്നാരായൺ കൽസൻഗ്ര, ശ്യാം സാഹു, സമീർ കുൽക്ക‌ണി രാജ രഹിർക്കർ, രാകേഷ് ധവാഡെ, ജഗദീഷ് മാത്രെ, സുധാകർ ചതുർവേദി, പ്രവീൺ തകാൽകി, സന്ദീപ് ദാംഗെ, രാമചന്ദ്ര  കൽസാൻഗ്ര തുടങ്ങി 14 പേർക്കെതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 

രണ്ട് വർഷങ്ങൾക്ക് ശേഷം സ്ഫോടനത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹിന്ദു സന്യാസിയായ അസീമാനന്ദയെ സിബിഐ അറസ്റ്റ് ചെയ്തു. മുസ്ലീം ജിഹാദി തീവ്രവാദത്തിനെതിരെ ഹിന്ദു തീവ്രവാദികളുടെ ഗൂഢാലോചനയായിരുന്നു 2006 ലെയും 2008 ലെയും മാലെഗാവ് സ്ഫോടനങ്ങളെന്ന് അസീമാനന്ദ പിന്നീട് കുറ്റസമ്മതം നടത്തിയിരുന്നു.

ആർഎസ്എസ് പ്രചാരക് സുനിൽ ജോഷിയായിരുന്നു ഗൂഢാലോചനയുടെ സൂത്രധാരനെന്നും അസീമാനന്ദ വെളിപ്പെടുത്തി. സംഝോതാ എക്സ്പ്രസ്, അജ്മീ‍ർ ദർഗ, മക്ക മസ്ജിദ് സ്ഫോടനങ്ങൾക്ക് പിന്നിലും ഇതേ ഹിന്ദു തീവ്രവാദ സംഘടനയായിരുന്നുവെന്നും അസീമാന്ദ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ വെളിപ്പെടുത്തി. എന്നാൽ പിന്നീട് കോടതിയിൽ ഇതെല്ലാം നിഷേധിച്ച അസീമാനന്ദയെ തെളിവുകളുടെ അഭാവത്താൽ കോടതി വെറുതെ വിട്ടു

മാലേഗാവ് സ്ഫോടനത്തിലെ പ്രഗ്യ സിങ് ഠാക്കൂറിന്‍റെ പങ്ക്

2008 ഒക്ടോബർ 24നാണ് ഹേമന്ദ് ക‍ർക്കറെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രഗ്യ സിങിനെ അറസ്റ്റ് ചെയ്തത്. ഠാക്കൂറിന്‍റെ അറസ്റ്റോടെയാണ് കേസിൽ ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കിലേക്കുള്ള അന്വേഷണത്തിനുള്ള വഴി തുറന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ സ്ഫോടനം നടത്താനായി ഫരീദാബാദ്, ഭോപ്പാൽ, കൊൽക്കത്ത, ജബൽപൂ‍, ഇൻഡോർ, നാസിക് തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് നടന്ന ഗൂഢാലോചനകളിലെല്ലാം  പ്രഗ്യ സിങ്  പങ്കെടുത്തിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. 

2007 ഏപ്രിൽ 11 ന് ഭോപ്പാലിൽ വച്ച് നടന്ന ഗൂഡാലോചനയിൽ സ്ഫോടനം നടത്താനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം  പ്രഗ്യ സിങ് ഏറ്റെടുത്തു. കൃത്യം നടത്താനായി സുനിൽ ജോഷി, രാമചന്ദ്ര  കൽസാൻഗ്ര, സന്ദീപ് ദാംഗെ എന്നിവരെ ഏൽപ്പിച്ചതും പ്രഗ്യ സിങ് ആണെന്ന് കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി.

പ്രഗ്യ സിങിനെതിരായ തെളിവുകൾ 
സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് തന്നെയായിരുന്നു പ്രഗ്യ സിങിനെതിരായ മുഖ്യ തെളിവുകളിൽ ഒന്ന്. കൃത്യം നടത്താനായി സുനിൽ ജോഷിക്കും രാമചന്ദ്ര കൽസാൻഗ്രയ്ക്കും ബൈക്ക് നൽകിയത് പ്രഗ്യ സിങാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏപ്രിൽ 11-ലെ ഗൂഢാലോചനയിൽ പങ്കാളിയായ ആർഎസ്എസ് പ്രവർത്തകൻ യശ്‍പാൽ ബദ്‍നയുടെ വെളിപ്പെടുത്തലും പ്രഗ്യ സിങിനെതിരായ നിർണായക തെളിവായി മാറി.

കേസ് എൻഐഎ ഏറ്റെടുത്തപ്പോൾ
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിനെ തുടർന്ന് 2011 ഏപ്രിൽ 13 ന് മാലെഗാവ് സ്ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു. ഹേമന്ദ് കർക്കറെയുടെ നിഗമനങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു എൻഐഎയുടെ കണ്ടെത്തലുകൾ. കർക്കറെയുടെ കണ്ടെത്തലുകൾ തെറ്റിദ്ധാരണ  ജനിപ്പിക്കുന്നതാണെന്ന് പറഞ്ഞ എൻഐഎ, പ്രഗ്യ സിങിനെതിരായ തെളിവുകൾ ശക്തമല്ലെന്ന നിഗമനത്തിലാണെത്തിയത്. 

കേസിലെ മുഴുവൻ പ്രതികൾക്കതിരെയുമുള്ള മക്കോക്ക നിയമം എടുത്തുകളഞ്ഞ എൻഐഎ കേസിലെ പ്രധാന തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ട പ്രഗ്യ സിങിന്‍റെ ബൈക്ക് കഴിഞ്ഞ രണ്ട് വർഷമായി ഉപയോഗിക്കുന്നത് കൽസാൻഗ്രയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കി. 

ബൈക്ക് പ്രഗ്യ സിങിന്‍റെ പേരിലാണെന്നത് ഗൂഢാലോചനയുടെ ഭാഗമായി കാണാനാകില്ലെന്ന് പറഞ്ഞ എൻഐഎ, യശ്പാൽ ബദ്നയുടെ മൊഴിയും തള്ളി. അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് തന്‍റെ മൊഴി രേഖപ്പെടുത്തിയതെന്ന ബദ്നയുടെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻഐഎ ഇയാളുടെ പഴയ മൊഴി തള്ളിയത്. 

ഒടുവിൽ പ്രഗ്യ സിങിനെ കുറ്റവിമുക്തയാക്കിക്കൊണ്ട് എൻഐഎ പുതിയ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് പ്രഗ്യ സിങിന് പ്രത്യേക കോടതി ജാമ്യം നൽകി. എന്നാൽ എൻഐഎയുടെ കണ്ടെത്തലുകൾ അതുപോലെ അംഗീകരിക്കാതിരുന്ന കോടതി പ്രഗ്യാ സിങ് യുഎപിഎ നിയമത്തിന് കീഴിൽ വിചാരണ നേരിടണമെന്നും വിധിച്ചു. 

കേസിൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ പ്രഗ്യ സിങ് ഇപ്പോൾ ബിജെപി ടിക്കറ്റിൽ ഭോപ്പാലിൽ ജനവിധി തേടാൻ ഒരുങ്ങുകയാണ്. കാൻസർ ബാധിതയാണെന്നും നടക്കാൻ പോലും വയ്യാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രഗ്യ സിംഗ് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. പിൻബലത്തിന് ആയുർവേദ ഡോക്ടറുടെ കുറിപ്പും പ്രഗ്യ സിംഗ് ഹാജരാക്കിയിരുന്നു. ഇത് അംഗീകരിച്ചാണ് ചികിത്സയ്ക്ക് പ്രഗ്യാ സിംഗിന് ബോംബെ ഹൈക്കോടതി ജാമ്യം നൽകിയത്. പ്രഗ്യ സിങ് കുറ്റക്കാരിയെന്ന് കണ്ടെത്തിയ  ഹേമന്ദ് കർക്കറെ 2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചു. 

സ്ഥാനാർത്ഥിയായതിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഹേമന്ദ് കർക്കറെയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ പ്രഗ്യ സിങ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.

തനിക്കെതിരെ കര്‍ക്കറെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ ഹേമന്ദ് കർക്കറെയെ കൊല്ലുമെന്ന് ശപിച്ചിരുന്നുവെന്നുമായിരുന്നു പ്രഗ്യ സിങിന്‍റെ വിവാദ പ്രസ്താവന.

പരാമർശം വിവാദമാകുകയും വലിയ പ്രതിഷേധങ്ങളുണ്ടാവുകയും ചെയ്തതോടെ പ്രഗ്യ സിങ് പ്രസ്താവന പിൻവലിച്ചെങ്കിലും വരും ദിവസങ്ങളിലും മാലെഗാവ് സ്ഫോടനക്കേസും ഹേമന്ദ് കർക്കറെയുമെല്ലാം ചൂടേറിയ ചർച്ചാ വിഷയമാകുമെന്നുറപ്പാണ്.   

Follow Us:
Download App:
  • android
  • ios