വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരല്ല വിവിപാറ്റ് മെഷീനില്‍ തെളിഞ്ഞതെന്നും ഇക്കാര്യം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന ഭയത്താല്‍ താന്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്നും ഹരികൃഷ്ണ ഡെക്ക

ഗുവാഹത്തി: താന്‍ വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരല്ല വിവിപാറ്റ് മെഷീനില്‍ തെളിഞ്ഞതെന്നും പിഴവ് നേരിട്ട് ബോധ്യമായെന്നും വെളിപ്പെടുത്തി അസം മുന്‍ ഡിജിപി ഹരികൃഷ്ണ ഡെക്ക രംഗത്ത്. വിവിപാറ്റ് മെഷിനിലെ പിഴവ് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്ന ഭയത്താല്‍ താന്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്നും ഹരികൃഷ്ണ ഡെക്ക വ്യക്തമാക്കിയതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ എയാണ് റിപ്പോര്‍ട്ട് ചെയ്യ്തത്.

'ഗുവാഹട്ടിയിലെ ലച്ചിത് നഗര്‍ എല്‍പി സ്കൂളിലെ ബൂത്തില്‍ ആദ്യം വോട്ടു ചെയ്തത് ഞാനായിരുന്നു. എന്നാല്‍ ഞാന്‍ വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരല്ല മെഷീനില്‍ തെളിഞ്ഞത്. ഇക്കാര്യം ഞാന്‍ ബന്ധപ്പെട്ടവരോട് വ്യക്തമാക്കി. എന്നാല്‍ അവര്‍ രേഖാമൂലം പരാതി നല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടു. രേഖാമുലം പരാതി നല്‍കിയാല്‍ ഇക്കാര്യം പരിശോധിക്കാമെന്നും പിഴവുണ്ടായതായി തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആറ് മാസം ശിക്ഷ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. എങ്ങനെയാണ് തെളിയിക്കേണ്ടതെന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ടായിരുന്നില്ല. ശിക്ഷിക്കപ്പെടുമോയെന്ന ഭയത്താല്‍ പരാതി നല്‍കിയില്ല' ഹരികൃഷ്ണ ഡെക്ക കൂട്ടിച്ചേര്‍ത്തു.

14 ലോക് സഭാ മണ്ഡലങ്ങളുള്ള ആസാമിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഇന്നലെ കേരളത്തിനൊപ്പമാണ് നടന്നത്. കേരളത്തിലും ഇത്തരത്തില്‍ വോട്ടിംഗ് മെഷീമില്‍ പിഴവുണ്ടായെന്ന ആരോപണം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം മണ്ഡലത്തിലെ കോവളത്ത് ഒരു ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടു ചെയ്തപ്പോള്‍ താമര ചിഹ്നം തെളിഞ്ഞെന്നായിരുന്നു ആരോപണം. 

Scroll to load tweet…