Asianet News MalayalamAsianet News Malayalam

'ബാബരി മസ്ജിദ് തകർത്തതിൽ അഭിമാനമുണ്ട്'; പ്രഗ്യ സിം​ഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നില്ലെന്നുമായിരുന്നു പ്രഗ്യ സിം​ഗ് ഠാക്കൂറിന്റെ പരാമർശം. 

I'm proud of demolishing Babri Masjid election commission slams a notice to Sadhvi Pragya
Author
New Delhi, First Published Apr 21, 2019, 1:12 PM IST

ദില്ലി: അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിം​ഗ് ഠാക്കൂറിന്റെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. നോട്ടീസിൽ 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും പ്രഗ്യ സിം​ഗ് ഠാക്കൂറിനോട് കമ്മീഷൻ ആവശ്യപ്പെട്ടു.  

അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നില്ലെന്നുമായിരുന്നു പ്രഗ്യ സിം​ഗ് ഠാക്കൂറിന്റെ പരാമർശം. ബാബരി മസ്ജിദ് തകർത്തതിൽ തനെന്തിന് പശ്ചാത്തപിക്കണമെന്നും വാസ്തവത്തിൽ ഞങ്ങൾ അതിൽ അഭിമാനിക്കുകയാണെന്നും പ്ര​ഗ്യ സിം​ഗ് പറഞ്ഞു. വാർത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലാണ് പ്രഗ്യ സിം​ഗിന്റെ തുറന്ന് പറച്ചിൽ. 

രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു. ഞങ്ങൾ അത് നീക്കം ചെയ്തു. ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണർത്തുന്നു. അയോധ്യയിൽ വലിയ രാമ ക്ഷേത്രം പണിയും. കോൺ​ഗ്രസ് 70 വർഷം ഭരിച്ചിട്ടും എന്താണ് ചെയ്തതെന്ന് നോക്കൂ. നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ല. ഇന്ത്യയിൽ അല്ലാതെ പിന്നെവിടെയാണ് രാമ ക്ഷേത്രം പണികയെന്നും പ്രഗ്യ സിം​ഗ് ചോദിച്ചു.   
 
കഴിഞ്ഞ ദിവസം ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രഗ്യ സിം​ഗിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസിന്‍റെ പരാതിയില്‍മേലാണ് കേസെടുത്തത്. സമാന പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന്‍  പ്രഗ്യ സിം​ഗിന് നോട്ടീസയച്ചിരുന്നു. പ്രഗ്യ സിം​ഗിന്റെ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് കേസ് എടുത്തത്.

2011-ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നായിരുന്നു ഭോപ്പാലിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രഗ്യ പറഞ്ഞത്. തന്നെ വേട്ടയാടിയതിന്റെ കര്‍മഫലമാണ് ഐ പി എസ് ഉദ്യോഗസ്ഥനായ കര്‍ക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തെ താന്‍ ശപിച്ചിരുന്നെന്നും പ്രഗ്യ പറഞ്ഞു. അതേസമയം ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്ര​ഗ്യ രം​ഗത്തെത്തിയിരുന്നു.  
 

Follow Us:
Download App:
  • android
  • ios