Asianet News MalayalamAsianet News Malayalam

പ്രതീക്ഷ വിട്ടിട്ടില്ലെന്ന് പി ജെ ജോസഫ്; സ്വതന്ത്രനാക്കുന്നതിൽ ഇടുക്കിയിലെ കോൺ​ഗ്രസിന് എതിർപ്പ്

സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പിജെ ജോസഫ്.കോൺഗ്രസ് പിന്തുണയോടെ പിജെ ജോസഫിനെ സ്വതന്ത്രനായി ഇടുക്കിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ എതിര്‍പ്പ് അറിയിച്ച് ഇടുക്കി ഡിസിസി.

idukki dcc against pj joseph
Author
Idukki, First Published Mar 15, 2019, 10:24 AM IST

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ആവർത്തിച്ച് പിജെ ജോസഫ്. ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പിജെ ജോസഫ് തൊടുപുഴയിൽ പ്രതികരിച്ചു. ഇടുക്കിയിൽ സ്ഥാനാര്‍ത്ഥിയാകാമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി പ്രവര്‍ത്തകരോടും പിജെ ജോസഫ് പങ്കു വയ്ക്കുന്നത്. 

അതിനിടെ പിജെ ജോസഫിനെ ഇടുക്കിയിൽ സ്വതന്ത്രനായി നിര്‍ത്താൻ കോൺഗ്രസ് തയ്യാറായേക്കുമെന്ന വാര്‍ത്തകൾക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്. പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് അവര്‍ സംസ്ഥാന ദേശീയ നേതൃത്വങ്ങളെ അറിയിച്ചു കഴിഞ്ഞു. ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് യൂത്ത് കോൺഗ്രസിനും കടുത്ത എതിര്‍പ്പാണ്. 

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കുവച്ചതെന്നാണ് വിവരം. ഇതോടെ പിജെ ജോസഫിന്‍റെ കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് മുന്നണിക്കകത്ത് നിലനിൽക്കുന്നത്. 

അതേസമയം കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരും വരെ കാക്കാനാണ് പിജെ ജോസഫിന്‍റെ തീരുമാനം. കെഎം മാണി പിജെ ജോസഫ് ത‍ര്‍ക്കം പിളര്‍പ്പിലേക്ക് എത്തിയ സാഹചര്യത്തിൽ ജോസഫിനെ കൂടി കൂടെ കൂട്ടിക്കൊണ്ടുള്ള അനുനയ നീക്കങ്ങളാണ് കോൺഗ്രസ് യുഡിഎഫ് നേതൃത്വം മുൻകയ്യെടുത്ത് നടത്തുന്നത്. ഇതിനുള്ള ചര്‍ച്ചകളും പല തലങ്ങളിൽ പുരോഗമിക്കുകയാണ്.

Follow Us:
Download App:
  • android
  • ios