സങ്ക്രൂർ: നരേന്ദ്ര മോദി തരംഗമാണ് രാജ്യം മുഴുവൻ ആഞ്ഞടിച്ചതെങ്കിൽ താൻ സുനാമിയാണെന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ആംആ്ദമി പാർട്ടി എംപി ഭഗവത് മൻ. പഞ്ചാബിലെ സങ്ക്രൂർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കേവൽ സിങ് ധില്ലോനെ 1.10 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ഭഗവത് മൻ വിജയിച്ചത്. 

പഞ്ചാബിൽ 2014 ലെ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ വിജയിച്ച പാർട്ടിക്ക് ഇക്കുറി ആകെ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. അടുത്ത തവണ പഞ്ചാബിൽ തന്റെ പാർട്ടി അധികാരത്തിൽ വരുമെന്നും പഞ്ചാബിൽ കോൺഗ്രസിന് ജനങ്ങൾ അവസാനത്തെ ചാൻസാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയിൽ 2014 ലെ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റ് പോലും ആംആദ്മിക്ക് കിട്ടിയിരുന്നില്ല. എന്നാൽ 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം സീറ്റുകളിലും ആംആദ്മി പാർട്ടി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 

"മോദി തരംഗം ആഞ്ഞടിച്ചെങ്കിൽ ആ തരംഗത്തിലും എനിക്കൊന്നും സംഭവിച്ചിട്ടില്ല. ഞാനെന്നെ ജനങ്ങൾക്ക് സമർപ്പിച്ചു, അവർ എനിക്കൊപ്പം നിന്നു. അകാലിദളും കോൺഗ്രസും ബിജെപിയും എന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചു. എന്നിട്ടും ഞാൻ പരാജയപ്പെട്ടില്ല. ഞാൻ ജനിച്ചത് സങ്ക്രൂരിലെ സുനം എന്ന ഗ്രാമത്തിലാണ്. അവിടെ ജനിക്കുന്നവരെ സുനാമി എന്നാണ് വിളിക്കാറ്. മോദി തരംഗമാണെങ്കിൽ ഞാൻ സുനാമിയാണ്," ഭഗവത് മൻ പറഞ്ഞു.