തങ്ങളെ ചതിച്ച നരേന്ദ്രമോദിക്ക്‌ രണ്ടാമതും അധികാരത്തിലേറാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അവസരം നല്‍കില്ലെന്നാണ്‌ മായാവതി പറഞ്ഞത്‌

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന്‌ രണ്ട്‌ ദിവസം മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ ബിഎസ്‌പി നേതാവ്‌ മായാവതി. തങ്ങളെ ചതിച്ച നരേന്ദ്രമോദിക്ക്‌ രണ്ടാമതും അധികാരത്തിലേറാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അവസരം നല്‌കില്ലെന്നാണ്‌ മായാവതി പറഞ്ഞത്‌.

'ഉത്തര്‍പ്രദേശിലെ ജനങ്ങളോട്‌ മോദി പറയുന്നത്‌ അവരാണ്‌ അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്‌ എന്നാണ്‌. അതു ശരിയുമാണ്‌. പക്ഷേ, ഉത്തര്‍പ്രദേശിലെ ആ 22 കോടി ജനങ്ങളെ മോദി എന്തിനാണ്‌ ചതിച്ചത്‌? ഉത്തര്‍പ്രദേശാണ്‌ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയതെങ്കില്‍ ആ കസേരയില്‍ നിന്ന്‌ അദ്ദേഹത്തെ വലിച്ചുതാഴെയിടാനും ഉത്തര്‍പ്രദേശിന്‌ കഴിയും. അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു'. മായാവതി ട്വീറ്റ്‌ ചെയ്‌തു.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനസ്സ്‌ പറയുന്നതനുസരിച്ച്‌ മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ ബിഎസ്‌പി എസ്‌പി ആര്‍എല്‍ഡി സഖ്യം ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ മനസ്സറിഞ്ഞാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനങ്ങള്‍ ബിജെപിയെക്കുറിച്ച്‌ പരിഭ്രാന്തരാണെന്നും മായാവതി പറഞ്ഞു.