മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ സഹായികളുടെ വീടുകളില്‍ നടത്തുന്ന പരിശോധനയും മൊഴിയെടുക്കലും  തുടരുകയാണ്. കമല്‍ നാഥിന്‍റെ ബന്ധു രതുല്‍ പുരി, ഓഫീസിന്‍റെ പ്രത്യേക ചുമതലയുള്ള പ്രവീണ്‍ കക്കാര്‍, മുന്‍ ഉപദേഷ്ടാവ് രജേന്ദ്ര കുമാര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന തുടരുന്നത്. 

ഭോപ്പാല്‍: തെരഞ്ഞെടുപ്പിലൊഴുക്കാന്‍ മധ്യപ്രദേശില്‍ 281 കോടി രൂപയുടെ ഹവാല ഇടപാട് നടന്നെന്ന് ആദായനികുതി വകുപ്പ്. അതില്‍ 20 കോടി രൂപ പ്രമുഖ പാര്‍ട്ടിയുടെ ദില്ലിയിലെ പ്രധാന നേതാവിന്‍റെ വീട്ടിലേക്കാണ് എത്തിയതെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടപാടില്‍ പങ്കാളികളാണെന്നും ആദായ നികുതിവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. 

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്‍റെ സഹായികളുടെ വീടുകളില്‍ നടത്തുന്ന പരിശോധനയും മൊഴിയെടുക്കലും തുടരുകയാണ്. കമല്‍ നാഥിന്‍റെ ബന്ധു രതുല്‍ പുരി, ഓഫീസിന്‍റെ പ്രത്യേക ചുമതലയുള്ള പ്രവീണ്‍ കക്കാര്‍, മുന്‍ ഉപദേഷ്ടാവ് രജേന്ദ്ര കുമാര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന തുടരുന്നത്. 

14.6 കോടി രൂപ കണ്ടെടുത്തതായാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നും കണക്കില്‍ പെടാത്തതൊന്നും പിടിച്ചെടുത്തിട്ടില്ലെന്നും പ്രവീണ്‍ കക്കാര്‍ പ്രതികരിച്ചു. 

അതേസമയം റെയ്ഡുകൾ മുൻകൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എൻഫോഴ്സ്മെന്‍റിനും ആദായനികുതി വകുപ്പിനും നിർദ്ദേശം നൽകി. നടപടികൾ നിഷ്പക്ഷമായിരിക്കണമെന്നും കമ്മീഷൻ വിശദമാക്കി. കമൽനാഥിന്‍റെ സഹായികളുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു നിർദ്ദേശം . 

കഴിഞ്ഞയാഴ്ച കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. പ്രധാന മന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ ആരോപണം. പിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരുടെ വീടുകളിലെ ആദായ നികുതി വകുപ്പ് പരിശോധന.