ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് തുടരുന്നു. ചൊവ്വാഴ്ച രാത്രിയോടെ തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയദേവ് ഗല്ലയുടെ ഓഫീസിലും  റെയ്ഡ് നടന്നു. തെലുങ്കുദേശം പാര്‍ട്ടിയ്ക്ക് വേണ്ടി ആന്ധ്രാപ്രദേശിലെ  ഗുണ്ടൂരില്‍ നിന്നാണ് ജയദേവ് ഗല്ല മത്സരിക്കുന്നത്. 

ശതകോടീശ്വരനും വ്യവസായിയുമായ ഗല്ല അമരരാജ ഗ്രൂപ്പിന്‍റെ ഉടമയാണ്. 2014-ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഗല്ലയുടെ ആസ്തി 680 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ സമ്പന്നനാണ് ജയദേവ് ഗല്ല. 

അതേസമയം റെയ്ഡിനെതിരെ ഗല്ലയും ടി ഡി പി നേതാക്കളും ഗുണ്ടൂരിലെ പട്ടാഭിപുരത്ത് പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയും ടി ഡി പിയെയും ലക്ഷ്യമിടുകയാണെന്ന് ഗല്ല ആരോപിച്ചു. 

റെയ്ഡുകൾ മുൻകൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ എൻഫോഴ്സ്മെന്‍റിനും ആദായനികുതി വകുപ്പിനും  നിർദ്ദേശം നൽകിയിരുന്നു. നടപടികൾ നിഷ്പക്ഷമായിരിക്കണമെന്നും കമ്മീഷൻ വിശദമാക്കി.