Asianet News MalayalamAsianet News Malayalam

ചാലക്കുടിയില്‍ ഇന്നസെന്‍റ് മത്സരിക്കും, പൊന്നാനിയില്‍ തീരുമാനമെടുക്കാതെ സിപിഎം

ഇരുപതില്‍ 19 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി. ചാലക്കുടിയില്‍ ഇന്നസെന്‍റ് വീണ്ടും മത്സരിക്കും. പൊന്നാനി സീറ്റില്‍ പിവി അന്‍വറിനൊപ്പം നിയാസ് പുളിക്കലത്ത് എന്ന യുവനേതാവിനേയും സിപിഎം പരിഗണിക്കുന്നു. പൊന്നാനിയില്‍ അന്തിമതീരുമാനം ശനിയാഴ്ച്ച. 

innocent to get a second chance in ponani
Author
AKG Center, First Published Mar 7, 2019, 1:54 PM IST

തിരുവനന്തപുരം: ചാലക്കുടിയില്‍ സിറ്റിംഗ് എംപി ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് ചാലക്കുടിയില്‍ ഇന്നസെന്‍റിന് രണ്ടാമൂഴം നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. 

ചാലക്കുടിയില്‍ ഇന്നസെന്‍റ് മത്സരിച്ചാല്‍ ജയസാധ്യതയില്ലെന്നായിരുന്നു ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. പി.രാജീവിനെയോ സാജു പോളിനേയോ ചാലക്കുടിയില്‍ മത്സരിപ്പിക്കണം എന്നായിരുന്നു അവരുടെ ശുപാര്‍ശ. ഇന്നസെന്‍റിന് ചാലക്കുടിയില്‍ രണ്ടാമൂഴം നല്‍കുന്ന പക്ഷം അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ചാലക്കുടി പാര്‍ലമെന്‍റ് കമ്മിറ്റി യോഗത്തില്‍ വാദമുയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച് ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കണം എന്ന അഭിപ്രായമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. 

അതേസമയം പൊന്നാനി സീറ്റില്‍ ആരെ മത്സരിപ്പിക്കണം എന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തില്ല. പൊന്നാനി സീറ്റിലേക്ക് മണ്ഡലം കമ്മിറ്റി പിവി അന്‍വര്‍ എംഎല്‍എയേയും, വി.അബ്ദു റഹ്മാനേയും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയില്‍ പിവി അന്‍വറിനൊപ്പം മലപ്പുറത്തെ യുവനേതാവ് നിയാസ് പുളിക്കലത്തിന്‍റെ പേര് കൂടി ഉയര്‍ന്നു വന്നു. ഇവരില്‍ ആരെ മത്സരിപ്പിക്കണം എന്ന കാര്യത്തില്‍ പല ചര്‍ച്ചകളും നടന്നെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ സംസ്ഥാന സെക്രട്ടേറിയെറ്റിനായില്ല.

ഇതോടെ പൊന്നാനി സീറ്റില്‍ തീരുമാനം ശനിയാഴ്ച്ച എടുക്കാം എന്ന ധാരണയില്‍ ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പിരിയുകയായിരുന്നു. അടുത്ത സെക്രട്ടേറിയറ്റ് യോഗത്തിന് മുന്‍പായി ഇക്കാര്യത്തില്‍ പ്രദേശിക തലത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ സംസ്ഥാന നേതൃത്വം നടത്തിയേക്കും. പൊന്നാനിയില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണം എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റില്‍ ധാരണയായിട്ടുണ്ട്. 

കാസര്‍കോട് സീറ്റില്‍ കെപി സതീഷ് ചന്ദ്രനൊപ്പം നിലവിലെ ജില്ലാ സെക്രട്ടറിയുടെ പേര് കൂടി ഉയര്‍ന്നുവന്നെങ്കിലും ഒടുവില്‍ സതീഷ് ചന്ദ്രനെ തന്നെ മത്സരിപ്പിക്കാന്‍ ധാരണയായി. മറ്റു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കാര്യമായ ചര്‍ച്ചയുണ്ടായില്ല. ഇതോടെ ആകെയുള്ള ഇരുപത് സീറ്റില്‍ 19  സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി. 

Follow Us:
Download App:
  • android
  • ios