തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്നും പോസ്റ്റൽ വോട്ടൽ ക്രമക്കേടിനെ കുറിച്ച് ഇന്‍റലിജന്‍സ് മേധാവി അന്വേഷിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. പോസ്റ്റൽ വോട്ടുകളിൽ ഇടപെടരുതെന്ന് കർശന നിർദ്ദേശം നൽകിയുട്ടുള്ളതാണെന്നും ക്രമക്കേട് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കള്ളവോട്ടിന് പുറമേ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിലും അട്ടിമറി നടന്നെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് പുറത്തവിട്ടിരുന്നു. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. അസോസിയേഷൻ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പൊലീസുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചിരുന്നു. 

Read Also: പൊലീസിലും കളളവോട്ട്; പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യുന്നത് ഇടത് അസോസിയേഷന്‍ നേതാക്കള്‍

പത്മനാഭസ്വാമിക്ഷേത്രത്തിൽ ഡ്യൂട്ടിയുള്ള പൊലീസ് കമാൻഡോകൾക്ക് കിട്ടിയ ഒരു സഹപ്രവർത്തകന്‍റെ ഓഡിയോ സന്ദേശമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്. പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാർക്ക് ഇഷ്ടമുള്ള വിലാസത്തിൽ ബാലറ്റു പേപ്പർ വരുത്താം. ഇത് മുതലെടുത്താണ് പൊലീസ് അസോസിയേഷൻ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ സമ്മർദ്ദം ചെലുത്തി അസോസിയേഷൻ നിർദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാൻ ആവശ്യപ്പെടും.

സംശയം വരാതിരിക്കാൻ എല്ലാ പോസ്റ്റൽ ബാലറ്റുകളും ഒരു വിലാസത്തിലേക്കല്ല, പകരം പല വിലാസങ്ങളിലേക്കാണ് അയപ്പിക്കുന്നത്. അന്വേഷണം ചെന്നെത്തിയത് വട്ടപ്പാറ പോസ്റ്റ് ഓഫീസിലാണ്. തൃശൂര്‍ ഐആർ ബറ്റാലിയനില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയുടെ വിലാസത്തിൽ എത്തിയത് നാല് പോസ്റ്റൽ ബാലറ്റുകൾ. പോസ്റ്റ് മാസ്റ്റർ ഇത് സ്ഥിരീകരിച്ചു. ചോദിച്ചപ്പോള്‍ ബാലറ്റുകളെത്തിയത് പൊലീസുകാരനും സമ്മതിച്ചു.

ഇതുപോലെ, പല ഇടത് അനുകൂല പൊലീസ് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലേക്കും നിരവധി പോസ്റ്റൽ ബാലറ്റുകൾ ഇപ്പോൾ എത്തുകയാണ്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകൾ തട്ടാൻ ശ്രമം നടക്കുന്നുവെന്ന് നേരത്തെ പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു. 

ആരോപണം നിഷേധിച്ച് സിപിഎം

ഉന്നത വിദ്യാഭ്യാസമുള്ളവരാണ് കേരള പൊലീസിൽ ഇപ്പോൾ ജോലി ചെയ്യുന്നത്. അവരെ കൂട്ടത്തോടെ കബളിപ്പിച്ചുകൊണ്ട് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേടുകൾ നടത്താമെന്ന് പറയുന്നത് അസാധ്യമായ കാര്യമാണെന്ന് എ എ റഹീം പറഞ്ഞു. 

യുഡിഎഫ് ഭരിക്കുന്ന സമയത്ത് പൊലീസ് അസോസിയേഷനിൽ ചില ദുഷ്പ്രവണതകൾ ഉണ്ടായിരുന്നു. അന്ന് അത്തരം മോശം പ്രവണതക‌ൾക്കെതിരെ ശബ്ദമുയർത്തിയവരാണ് ഇപ്പോൾ പൊലീസ് അസോസിയേഷന്‍റെ തലപ്പത്ത് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ അവരിൽ നിന്ന് യാതൊരു  ദുഷ് പ്രവണതകളും ഉണ്ടാവില്ല.

ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്ന ഒരു പ്രവർത്തനവും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും എ എ റഹീം പറഞ്ഞു.കേരളത്തിൽ ഇതുവരെ നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണി ഇത്തരത്തിലുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്നും എ എ റഹീം പറഞ്ഞു. 

നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് പൊലീസ് അസോസിയേഷൻ

കേരളത്തിലെ ഒരു പൊലീസുകാരന്‍റെ പോസ്റ്റൽ ബാലറ്റിലും അസോസിയേഷൻ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് കേരളാ പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ പ്രതികരിച്ചു.  എല്ലാവരും വോട്ട് ചെയ്യണമെന്ന് പറഞ്ഞതിലപ്പുറം ആരുടെയും പോസ്റ്റൽ ബാലറ്റിൽ അസോസിയേഷൻ ഇടപെട്ടിട്ടില്ലെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ തനിക്ക് ഉറപ്പുണ്ടെന്നും അനിൽ പറഞ്ഞു. 

പോസ്റ്റൽ ബാലറ്റുകൾ ശേഖരിക്കാനായി ഒരു പൊലീസുകാരനെയും അസോസിയേഷൻ ഏൽപ്പിച്ചിട്ടില്ല. ഏതെങ്കിലും ഒരു പൊലീസുകാരൻ തന്‍റെ  വ്യക്തിപരമായ  താത്പര്യത്തിന്‍റെ പുറത്ത് ബാലറ്റുകൾ ശേഖരിക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പറഞ്ഞു.

പൊലീസിലെ ഉന്നതർക്ക് പങ്കുണ്ടോ  എന്ന് അന്വേഷിക്കണമെന്ന് ചെന്നിത്തല 

പൊലീസിലെ പോസ്റ്റൽ ബാലറ്റിലും കള്ളവോട്ട് നടന്നുവെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം.  പൊലീസുകാരുടെ ബാലറ്റ് പേപ്പർ കളക്ട് ചെയ്യാൻ ഫെസിലിറ്റേഷൻ സെന്‍ററുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട്   പ്രതിപക്ഷ നേതാവ് ടീക്കാറാം മീണക്ക് കഴിഞ്ഞയാഴ്ച കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ പൊലീസിലെ ഉന്നതർക്ക് പങ്കുണ്ടോ എന്നു കൂടി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.