കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ കൊല്ലത്ത് ബിജെപിയിൽ പൊട്ടിത്തെറി. തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കാൻ സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വിളിച്ചുചേർത്ത തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിൽ ഭൂരിഭാഗം ഭാരവാഹികളും പങ്കെടുത്തില്ല. 92 പേർ പങ്കെടുക്കേണ്ടിയിരുന്ന യോഗത്തിൽ വെറും ഒൻപത് പേർ മാത്രമാണ് പങ്കെടുത്തത്. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ പ്രൊഫ.ശശികുമാര്‍ അടക്കം 82 പേര്‍ യോഗത്തിന് എത്തിയില്ല. വോട്ട് മറിക്കല്‍ ആരോപണത്തിലെ പ്രതിഷേധമാണ് ബഹിഷ്കരണത്തിന് കാരണമെന്നാണ് സൂചന. ബിജെപിയിലെ പ്രതിസന്ധി കാരണം സ്ഥാനാർത്ഥി എ വി സാബുവിന്‍റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം നിർത്തിവച്ചു. 

ഭൂരിപക്ഷം ഭാരവാഹികളും വിട്ടുനിന്ന തെരഞ്ഞടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് ഗോപിനാഥിനെതിരെ രൂക്ഷമായ വിമര്‍ശനം ഇയർന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമതെത്തിയ ചാത്തന്നൂരില്‍ പോലും പ്രവര്‍ത്തനം തീരെ മോശമാണെന്ന് ആക്ഷേപമുയര്‍ന്നു. പ്രേമചന്ദ്രന് വേണ്ടി വോട്ട് മറിക്കുകയാണെന്ന ബിജെപിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചതോടെ ഇത് സിപിഎം പ്രചാരണ വിഷയമാക്കുകയാണ്.

യുവമോർച്ച മുൻ ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. പ്രശാന്ത്, ബിജെപി ജില്ലാ ലീഗൽ സെൽ ഭാരവാഹി അഡ്വ.കൈലാസ് നാഥ് തുടങ്ങിയവരാണ് ബിജെപി വോട്ടുകൾ ചോരാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്.  ദുർബലനായ സ്ഥാനാർത്ഥിയെയാണ് ബിജെപി കൊല്ലത്ത് മത്സരിപ്പിക്കുന്നതെന്നും ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കും പരാതിയുണ്ട്. ഇതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് കമ്മിറ്റി യോഗം വിളിച്ചുചേർത്തത്. ഈ യോഗത്തിൽ ഭൂരിഭാഗം ചുമതലക്കാരും പങ്കെടുക്കാതിരുന്നത് മഴ ആയതുകൊണ്ടാണെന്നാണ് ബിജെപി ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം.

ഇതിനിടെ ബിജെപി വോട്ട് ചോർച്ച തടയാൻ ശ്രമിക്കുന്ന വിഭാഗം 'മേക് എ വിഷൻ' എന്ന പേരിൽ ഒരു സംഘടനയും രൂപീകരിച്ചു. സന്നദ്ധ സംഘടനയാണ് 'മേക് എ വിഷൻ' എന്നാണ് ഇവർ പുറത്തുപറയുന്നത്. പക്ഷേ ബിജെപി വോട്ട് ചോർച്ച തടയാൻ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മേക് എ വിഷന്‍റെ നേതൃത്വത്തിൽ പ്രചാരണം നടത്താനാണ് പ്രവർത്തകരുടെ തീരുമാനം. വോട്ട് മറിക്കൽ ആരോപണം വിവാദമായതോടെ ബിജെപി ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. ആക്ഷേപം ഉന്നയിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവരുടെ പരാതി പരിശോധിക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. കൊല്ലത്ത് വോട്ട് ചോരില്ലെന്നും ഇപ്പോൾ നടക്കുന്നത് കുപ്രചാരണം ആണെന്നും ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു. 

ബിജെപിയുടെ വോട്ടും തനിക്ക് കിട്ടുമെന്ന് പ്രേമചന്ദ്രൻ

അതേസമയം ബിജെപിയുടെ വോട്ടും തനിക്ക് ലഭിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി എം കെ പ്രേമചന്ദ്രന്‍റെ പ്രതികരണം. ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്ത് കുഴപ്പമെന്നാണ് പ്രേമചന്ദ്രന്‍റെ ചോദ്യം. രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കാൻ നോക്കിയാൽ പ്രേമചന്ദ്രന് പൊള്ളുമെന്നും അതുകൊണ്ടാണ് ഈ ഇരട്ടത്താപ്പ് കാണിക്കുന്നതെന്നും മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കൊല്ലത്ത് വോട്ട് പണം കൊടുത്ത് വാങ്ങാൻ സിപിഎം ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെ സമീപിച്ചെന്നാണ്  എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉയർത്തുന്ന ആരോപണം. രണ്ട് ദിവസം മുൻപ് യുഡിഎഫ് കൊല്ലം ജില്ലാ നേതൃത്വം ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു..ആരോപണം യുഡിഎഫിന്‍റെ പരാജയഭീതി കൊണ്ടാണെന്ന് സിപിഎം തിരിച്ചടിച്ചു