ഏപ്രില്‍ നാലിന് വയനാട്ടിൽ നാമനിർദ്ദേശിക പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.

നാഗ്പുര്‍: വയനാട്ടില്‍ കോൺ​ഗസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി മത്സരിക്കുന്നതിനെതിരെ വർ​ഗീയ പരാമാർശവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. വയനാട്ടിൽ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് തിരിച്ചറിയാനാകില്ലെന്നായിരുന്നു അമിതാ ഷായുടെ പരാമർശം. നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏപ്രില്‍ നാലിന് വയനാട്ടിൽ നാമനിർദ്ദേശിക പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. 'സഖ്യ കക്ഷികളെ തൃപ്തിപ്പെടുത്താനായി ഈ രാഹുല്‍ ബാബ കേരളത്തിലേക്ക് പോയി അവിടെ ഒരു സീറ്റില്‍ മത്സരിക്കുകയാണ്. അവിടെ ഘോഷയാത്ര നടന്നപ്പോള്‍ ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ ഇത് നടക്കുന്നതെന്ന് തിരിച്ചറിയാനാവില്ല,’ അമിത് ഷാ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കണ്ട് മുസ്ലിം ലീഗിന്‍റെ കൊടി പാകിസ്ഥാന്‍ പതാകയാണെന്ന തരത്തില്‍ നേരത്തെ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകപ്രചാരണം നടന്നിരുന്നു. വയനാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് മുതല്‍ ഈ വിഷയം ഉത്തരേന്ത്യയില്‍ ബിജെപി പ്രചാരണവിഷയമായി ഉപയോഗിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും ഹിന്ദുക്കളില്‍ നിന്നും രാഹുല്‍ ഒളിച്ചോടുകയാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. 

ഇത് കൂടാതെ, മുസ്ലിം ലീഗിനെതിരെഅധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും രാഹുല്‍ ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വീറ്റ് ചെയ്തു.