ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  

ദില്ലി: 14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന കേന്ദ്രമന്ത്രി വിജയ് ​ഗോയലിന്റെ അവകാശ വാദത്തിന് മറുപടിയുമായി ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

​ഗോയൽ സാഹിബ് നിങ്ങള്‍ എവിടെയാണ് കുടുക്കിലായത്? നിങ്ങൾ എത്ര തുകയാണ് നൽകിയത്? അവർ എത്രയാണ് ആവശ്യപ്പെടുന്നത്?, കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. മറ്റൊരു ട്വീറ്റില്‍ കെജ്രിവാൾ മോദിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

Scroll to load tweet…

മോദി ജീ, ഓരോ സംസ്ഥാനത്തെയും പ്രതിപക്ഷ പാര്‍ട്ടികളിലെ എംഎല്‍എമാരെ വിലയ്ക്കെടുത്ത് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ നിങ്ങൾ താഴെയിറക്കാറുണ്ടോ? ഇതാണോ ജനാധിപത്യത്തെ കുറിച്ചുള്ള നിങ്ങളുടെ നിര്‍വചനം? എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനും മാത്രമുള്ള പണം നിങ്ങൾക്കെവിടുന്നാണ് ലഭിക്കുന്നത്? നിങ്ങൾ എഎപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ കുറെ തവണ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ആം ആദ്മി നേതാക്കളെ വിലയ്ക്കെടുക്കുക എന്നത് അത്ര എളുപ്പമല്ലെന്നും കെജ്രിവാൾ കുറിച്ചു. 

Scroll to load tweet…

ആം ആദ്മി പാര്‍ട്ടിയിലെ 14 എംഎല്‍എമാര്‍ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേരാൻ സന്നദ്ധ അറിയിച്ചതായി കേന്ദ്രമന്ത്രി വിജയ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലക്ഷ്യത്തിൽനിന്നും എഎപി വ്യതിചലിച്ചെന്നാരോപിച്ചാണ് എംഎൽഎമാർ പാർട്ടി വിടാൻ തീരുമാനിച്ചത്. അല്ലാതെ ബിജെപിക്ക് ഈ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിക്കേണ്ട ആവശ്യമില്ലെന്നും വിജയ് ഗോയല്‍ കൂട്ടിച്ചേർത്തു. 10 കോടി രൂപയാണ് എംഎൽഎമാർക്ക് ബിജെപി വാ​ഗ്‍ദാനം ചെയ്തതെന്ന ആരോപണവും വിജയ് ഗോയല്‍ തള്ളിയിരുന്നു.