"രാജ്യത്തിനു വേണ്ടി ശരിയായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മോദിക്ക് മാത്രമേ ധൈര്യമുള്ളു." 

മഥുര: പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രാജ്യം അപകടത്തിലാകുമെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. രാജ്യത്തിനു വേണ്ടി ശരിയായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മോദിക്ക് മാത്രമേ ധൈര്യമുള്ളു എന്നും ഹേമമാലിനി അഭിപ്രായപ്പെട്ടു.

'മോദി ജി അല്ലാതെ വേറൊരു വ്യക്തി ഇല്ല. അദ്ദേഹം തന്നെ തിരികെയെത്തണം. അദ്ദേഹത്തിന് പകരം വേറെ ആരെങ്കിലും അധികാരത്തിലേറിയാല്‍ രാജ്യം അപകടത്തിലാവും. അതുകൊണ്ടാണ് ഞങ്ങളെല്ലാം (ബിജെപി അംഗങ്ങള്‍) അദ്ദേഹത്തെ തിരികെക്കൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്യുന്നത്'. ഹേമമാലിനി പറഞ്ഞു.

പ്രധാനമന്ത്രി കൊണ്ടുവരുന്ന പദ്ധതികളെയെല്ലാം പരിഹസിക്കുന്ന പ്രതിപക്ഷത്തിന്റെ നടപടി വേദനാജനകമാണ്. അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്യുന്നതെല്ലാം നല്ലതിനാണ്. അതൊക്കെ ധൈര്യത്തോട് കൂടിയാണ് അദ്ദേഹം ചെയ്യുന്നതെന്നും ഹേമമാലിനി അഭിപ്രായപ്പെട്ടു. പേരിന് മുന്നില്‍ എന്തുകൊണ്ടാണ് ചൗക്കിദാര്‍ എന്ന് ചേര്‍ക്കാത്തത് എന്ന് ചോദിച്ചുപ്പോള്‍ താനും ചൗക്കിധാരിണി തന്നെയാണ് എന്നായിരുന്നു അവരുടെ മറുപടി.

ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇക്കുറിയും ഹേമമാലിനി ജനവിധി തേടുന്നത്.