പാറ്റ്ന: ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡിയില്‍ മക്കള്‍ പോര് മുറുകുന്നു. ബീഹാറിലെ ജഹനാബാദ് ലോക്സഭാ മണ്ഡലത്തിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ആര്‍എസ്എസിന്‍റെ ഏജന്‍റാണെന്ന് ലാലുവിന്‍റെ ഇളയ മകന്‍ തേജ് പ്രതാപ് യാദവ് ആരോപിച്ചു. ആര്‍ജെഡിയെ ഇപ്പോള്‍ നിയന്ത്രിക്കുന്ന ലാലുവിന്‍റെ മകന്‍ തേജസ്വി യാദവിന്‍റെ അനുയായി സുരേന്ദ്ര യാദവാണ് ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി. ‍‍

നേരത്തെ തന്‍റെ ഉറ്റ അനുയായി ചന്ദ്ര പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തേജസ്വി യാദവ് ഇത് നിഷേധിക്കുകയും തന്‍റെ അനുയായിയെ  ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുകയുമായിരുന്നു. ഇത് സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമായി. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ തേജ് പ്രതാപ് യാദവ് ആര്‍ജെഡി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

ലാലു റാബ്രി മോര്‍ച്ച എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്. തേജ് പ്രതാപ് ആവശ്യപ്പെട്ട ജഹനാബാദ്, ഷിയോഹര്‍ മണ്ഡലങ്ങൾ വിട്ടുനൽകാൻ പാര്‍ട്ടിയെ ഇപ്പോൾ നിയന്ത്രിക്കുന്ന സഹോദരൻ തേജസ്വി യാദവ് തയ്യാറാകാത്തതാണ് പ്രകോപനത്തിന് കാരണം.