ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല തന്‍റെ ലക്ഷ്യം. സെെനിക വിഭാഗങ്ങളെ പ്രത്യേകിച്ച് അര്‍ധ സെെനിക വിഭാഗങ്ങളെ ഈ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തെളിയിക്കുകയാണെന്നും തേജ്

ദില്ലി: അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് പറഞ്ഞ് വീഡിയോ ചെയ്തതിന് ബിഎസ്എഫ് പുറത്താക്കിയ ജവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസില്‍ മത്സരിക്കും. ഹരിയാനയിലെ റെവാരി സ്വദേശിയായ തേജ് ബഹദൂര്‍ യാദവാണ് പ്രധാനമന്ത്രിക്കെതിരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മത്സരിക്കണമെന്ന ആവശ്യവുമായി നിരവധി പാര്‍ട്ടികള്‍ തന്നെ സമീപിച്ചുവെന്ന് അവകാശപ്പെട്ട തേജ് ബഹദൂര്‍ പക്ഷേ, താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുകയെന്നും വ്യക്തമാക്കി. ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല തന്‍റെ ലക്ഷ്യം. സെെനിക വിഭാഗങ്ങളെ പ്രത്യേകിച്ച് അര്‍ധ സെെനിക വിഭാഗങ്ങളെ ഈ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തെളിയിക്കാനാണ് ശ്രമം.

ജവാന്മാരുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത്. എന്നാല്‍, അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് സത്യം. പുല്‍വാമയില്‍ അടുത്തയിടെ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ഇതുവരെ രക്തസാക്ഷികള്‍ എന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2017ലാണ് തേജിനെ ബിഎസ്എഫ് പുറത്താക്കുന്നത്. ജമ്മു കാശ്മീരിലെ ക്യാമ്പില്‍ ജവാന്മാര്‍ക്ക് നല്‍ക്കുന്ന ഭക്ഷണത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഉടന്‍ വാരാണാസിയിലേക്ക് പോകുമെന്നും വിരമിച്ച സെെനികരുടെയും കര്‍ഷകരുടെയും പിന്തുണയോടെ പ്രചാരണം നടത്തുമെന്നും തേജ് കൂട്ടിച്ചേര്‍ത്തു.