"റാംപൂരില്‍ നിന്നും സജീവ രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ പിന്‍വാങ്ങിയത് ഭയന്നിട്ടാണ്, അവരെനിക്ക് നേരെ ആസിഡ് ആക്രമണം നടത്താന്‍ നോക്കി. ഇതാദ്യമായി എനിക്ക് പിന്നില്‍ ബിജെപിയുടെ ശക്തിയുണ്ട്." 

രാംപൂര്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ തന്നെ രാഷ്ട്രീയമായി ആക്രമിക്കുകയായിരുന്നെന്ന് പറഞ്ഞായിരുന്നു ജയപ്രദ കരഞ്ഞത്. 

2004ലും 2009ലും റാംപൂര് മണ്ഡലത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്‌സഭയിലെത്തിയ ജയപ്രദയെ 2014ല്‍ പാര്‍ട്ടി തഴയുകയായിരുന്നു. അന്ന് രാഷ്ട്രീയ ലോക് ദള്‍ സഥാനാത്ഥിയായി ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്ന് മത്സരിച്ചെങ്കിലും ജയപ്രദയ്ക്ക് വിജയിക്കാനായില്ല. ഇക്കുറി ബിജെപിയ്‌ക്കൊപ്പമാണ് ജയപ്രദ തന്റെ റാംപൂര് മണ്ഡലം തിരിച്ചുപിടിക്കാനെത്തിയിരിക്കുന്നത്. 

സമാജ് വാദി പാര്‍ട്ടി റാംപൂരില്‍ നിന്ന് തന്നെ നിര്‍ബന്ധിതമായി ഒഴിവാക്കിയതാണെന്ന് പറഞ്ഞ് ജയപ്രദ പൊതുവേദിയില്‍ വികാരഭരിതയായി. തന്നെ തുരത്തിയോടിക്കാന്‍ മുമ്പില്‍ നിന്നത് പാര്‍ട്ടി നേതാവ് അസംഖാന്‍ ആണെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരയുകയായിരുന്നു. കണ്ണീര്‍ തുടച്ച് പ്രസംഗം തുടരവേ 'പോരാട്ടത്തില്‍ ഞങ്ങളൊപ്പമുണ്ട്' എന്ന് പറഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ആര്‍ത്തുവിളിച്ചു.

"റാംപൂരില്‍ നിന്നും സജീവ രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ പിന്‍വാങ്ങിയത് ഭയന്നിട്ടാണ്, അവരെനിക്ക് നേരെ ആസിഡ് ആക്രമണം നടത്താന്‍ നോക്കി. ഇതാദ്യമായി എനിക്ക് പിന്നില്‍ ബിജെപിയുടെ ശക്തിയുണ്ട്. മുമ്പത്തെപ്പോലെ ഇനി എനിക്ക് കരയേണ്ട. എനിക്ക് ജീവിക്കാനും നിങ്ങളെയൊക്കെ സേവിക്കാനുമുള്ള അവകാശമുണ്ട്." ജയപ്രദ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബിജെപിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജയപ്രദ അഭിപ്രായപ്പെട്ടു.