Asianet News MalayalamAsianet News Malayalam

ആളും പണവും രമ്യയ്ക്ക് പോയി, പാലക്കാട് ശ്രീകണ്ഠന്‍ ഏകനായി: അഡ്വ.ജയശങ്കര്‍

അനിൽ അക്കര, ഷാഫി പറമ്പിൽ, വിടി ബലറാം എന്നീ യുവനേതാക്കളും മുസ്ലീം ലീ​ഗും നല്ല രീതിയിൽ രമ്യയ്ക്ക് വേണ്ടി പ്രവർത്തിച്ചു. ഇതിനൊക്കെ വില കൊടുക്കേണ്ടി വന്നത് ശ്രീകണ്ഠനാണ്. പാലക്കാട് അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാൻ ആളില്ലാത്ത അവസ്ഥ വന്നു

jayashankar analyzing the inside politics of palakkad congress camp
Author
Thiruvananthapuram, First Published Apr 24, 2019, 9:40 PM IST

പാർട്ടിയിൽ നിന്നും ഫണ്ട് ലഭിച്ചില്ലെന്ന പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠന്റെ പരാതി സത്യസന്ധമായിരിക്കുമെന്ന് അഡ്വ.ജയശങ്കർ. സാമ്പത്തികമായ സഹായവും നേതാക്കളുടെ സഹകരണവും പാലക്കാട് ശ്രീകണ്ഠന് കിട്ടിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ ജയശങ്കർ പറഞ്ഞു.   

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് കോൺ​ഗ്രസ് നേരിട്ടതെന്ന് ചർച്ചയിൽ പങ്കെടുത്ത സംസാരിച്ച ജോസഫ് വാഴക്കൻ പറഞ്ഞു.... കോൺ​ഗ്രസിന്റെ 16 സ്ഥാനാർത്ഥികൾ ഇക്കുറി മത്സരിക്കുന്നുണ്ട്. ഇവർക്കെല്ലാം ഫണ്ട് കണ്ടെത്താൻ പാർട്ടി ബുദ്ധിമുട്ടി. ഞങ്ങളിപ്പോൾ കേന്ദ്രത്തിലോ സംസ്ഥാനത്തോ അധികാരത്തിൽ ഇല്ല. അതിനാൽ തന്നെ പാർട്ടിക്ക് ഫണ്ട് വരാൻ വഴി ഇല്ലായിരുന്നു. ശക്തമായ പണം ഒഴുക്കുന്ന രണ്ട് മുന്നണികൾ അപ്പുറത്തും ഇപ്പുറത്തും നിൽക്കുമ്പോൾ അതൊരു പ്രതിസന്ധിയായിരുന്നു. ജോസഫ് വാഴക്കൻ പറഞ്ഞു. 

ജയശങ്കറിന്റെ വാക്കുകൾ...

സ്ഥാനാർത്ഥി നിർണയം നടക്കുന്ന ഘട്ടത്തിൽ തന്നെ സ്ഥാനാർത്ഥികളാവുന്നവർ അതിന്റെ ഫണ്ട് വഹിക്കേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നു പറഞ്ഞിരുന്നു. കെപിസിസിയുടെ കൈയിൽ വലിയ ഫണ്ടില്ല എഐസിസിയിൽ നിന്നും വലിയ ഫണ്ട് പ്രതീക്ഷിക്കേണ്ട എന്ന് മുല്ലപ്പള്ളി ആദ്യമേ വ്യക്തമാക്കി. ചാലക്കുടിയിലെ എന്റെ വീട്ടിൽ ഇന്നസെന്റിന്റെ പല വർണങ്ങളിലുള്ള പത്തോ പതിനൊന്നോ നോട്ടീസുകൾ തെരഞ്ഞെടുപ്പ് കാലത്ത് എത്തിയിരുന്നു. എഎൻ രാധാകൃഷ്ണന്റെ നോട്ടീസുകളും ഒരുപാട് കൂടി എത്തി. എന്നാൽ രണ്ടേ രണ്ട് നോട്ടീസേ ബെന്നി ബെഹന്നാന്റേതായി എത്തിയുള്ളൂ. അതിലൊന്നാണെങ്കിൽ വോട്ടെടുപ്പിന് തലേദിവസമാണ് വന്നത്. പോസ്റ്ററുകൾ പോലും കാര്യമായി ഒട്ടിച്ചു കണ്ടില്ല. ഫണ്ട് വേണ്ട വിധം ഒഴുകിയില്ല എന്ന് വ്യക്തമാണ്. കോൺ​ഗ്രസിലെ പ്രമുഖ നേതാവായ ബെന്നിയുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും. ഇതേ പ്രശ്നമാണ് പാലക്കാട് ശ്രീകണ്ഠൻ നേരിടേണ്ടി വന്നത്. 

ശ്രീകണ്ഠന്റെ കാര്യത്തിൽ മറ്റൊരു പ്രശ്നം കൂടിയുണ്ടായി. ഷാഫി പറമ്പിൽ അടക്കം പാലക്കാട്ടെ വലിയൊരു വിഭാ​ഗം കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും രമ്യ ഹരിദാസിന് വേണ്ടി പ്രവർത്തിക്കാൻ ആലത്തൂരിൽ പോയി. ഇത് പ്രതീക്ഷിച്ചതല്ല. സാധാരണ ​ഗതിയിൽ ആലത്തൂർ പോലൊരു സംവരണസീറ്റിൽ മത്സരിക്കുന്ന കോൺ​ഗ്രസ് സ്ഥാനർത്ഥിക്ക് വലിയ പിന്തുണ പാർട്ടിയിൽ നിന്നും കിട്ടാറില്ല. എന്നാൽ ഇക്കുറി ചിത്രം മാറി രമ്യ താരസ്ഥാനാർത്ഥിയായി. 

അവർക്കായി ഫണ്ട് നല്ല രീതിയിൽ സ്വരൂപിക്കപ്പെട്ടു. അനിൽ അക്കര, ഷാഫി പറമ്പിൽ, വിടി ബലറാം എന്നീ യുവനേതാക്കളും മുസ്ലീം ലീ​ഗും നല്ല രീതിയിൽ രമ്യയ്ക്ക് വേണ്ടി പ്രവർത്തിച്ചു. അതിനാൽ ആലത്തൂരിൽ നല്ല രീതിയിൽ യുഡിഎഫ് പ്രചാരണം മുന്നോട്ട് പോയി. ഇതിനൊക്കെ വില കൊടുക്കേണ്ടി വന്നത് ശ്രീകണ്ഠനാണ്. പാലക്കാട് അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാൻ ആളില്ലാത്ത അവസ്ഥ വന്നു.  ഇക്കാര്യങ്ങളൊക്കെ വികെ ശ്രീകണ്ഠന്റെ മനസ്സിലുണ്ട് . പക്ഷേ ഇതെല്ലാം ഒറ്റയടിക്ക് തുറന്നു പറയാനാവിലല്ലോ കൂടുതൽ കാര്യങ്ങൾ പതിയെ പുറത്തു വരും എന്നു കരുതാം. പാലക്കാട്ടെ പുറത്തു വരുമ്പോൾ ഇതിലേറെ വിവാദങ്ങൾ നമ്മുക്ക് പ്രതീക്ഷിക്കാം. 

Follow Us:
Download App:
  • android
  • ios