ഇടുക്കി: ജനവിധി അംഗീകരിക്കുന്നുവെന്ന് ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‍സ് ജോർജ്. മണ്ഡലത്തില്‍ മത ന്യൂനപക്ഷവോട്ടുകളുടെ ദ്രുവീകരണം ഉണ്ടായി എന്നും തോൽവിയുടെ മറ്റ് കാരണങ്ങൾ പരിശോധിക്കുമെന്നും ജോയ്‍സ് ജോർജ് പ്രതികരിച്ചു. 

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. നിലവില്‍ 3.45 ലക്ഷം വോട്ടാണ് ഡീനിന് ലഭിച്ചത്. മന്ത്രി എം എം മണിയുടെ മണ്ഡലത്തിലാണ് ഡീന്‍ കുര്യാക്കോസിന് ഇത്രയധികം ലീഡ് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‍സ് ജോർജ് നിലവില്‍ നേടിയത്  2.23 ലക്ഷം വോട്ടാണ്.  

ജോയ്‍സ് ജോർജിന് വിജയപ്രതീക്ഷയുളള മണ്ഡലമായിരുന്നു ഇടുക്കി. എന്നാല്‍ ഹൈറേഞ്ച് ജോയ്സിനെ തുണച്ചില്ല. കൊട്ടാക്കമ്പൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജോയ്സ് ജോർജിന്‍റെ പേരില്‍ കേസുണ്ടായിരുന്നു. ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് വേണം ഇപ്പോള്‍ കരുതാന്‍. 
 
അഞ്ച് വർ‍ഷം മുമ്പ്  ജോയ്‍സ് ജോർജിനോട് പരാജയപ്പെട്ട ഡീൻ കുര്യാക്കോസ് ഇത്തവണ 9 ശതമാനം വോട്ട് വ്യത്യാസത്തിൽ വരെ ജയിച്ച് കയറാനിടയുണ്ടെന്ന് അഭിപ്രായ സര്‍വെകള്‍ പറഞ്ഞിരുന്നു. ജോയ്‌സ് ജോര്‍ജ് 50542 വോട്ടുകള്‍ക്കാണ് 2014 ല്‍ വിജയിച്ചത്.