കോട്ടയം: ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി . ജോസഫാണ് ചെയർമാൻ എന്ന കത്ത് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് പരാതി . കത്ത് കോടതി ഉത്തരവിന്റെ ലംഘനമെന്നും പരാതിയില്‍ വിശദമാക്കുന്നു. ബൈലോ പ്രകാരമേ ചെയർമാനെ തെരെഞ്ഞെടുക്കാവൂ എന്നാണ് ഉത്തരവ്. കൊല്ലം ജില്ല ജനറൽ സെക്രട്ടറി മനോജാണ് പരാതിക്കാരൻ. മനോജ് ആയിരുന്നു കോടതിയെയും സമീപിച്ചത്. 

നേരത്തെ കേരള കോൺഗ്രസിലെ അധികാര വടംവലിക്കിടെ പാർട്ടി പിടിക്കാനുള്ള പി ജെ ജോസഫിന്‍റെ നീക്കങ്ങള്‍ക്കെതിരെ ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയിരുന്നു. പി ജെ ജോസഫിനെ പാർട്ടി ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനെതിരെയാണ് റോഷി അഗസ്റ്റിന്‍ ആഞ്ഞടിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. പി ജെ ജോസഫ് അങ്ങിനെ ചെയ്യും എന്ന് കരുതുന്നില്ല. ആരെങ്കിലും കത്ത് കൊടുത്തെങ്കിൽ അച്ചടക്ക ലംഘനമാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.