വടകര: പി ജയരാജന് കെ കെ രമയുടെ മറുപടി. ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആർ എം പി പ്രവർത്തകനും വോട്ട് ചെയ്യില്ലെന്ന് കെ കെ രമ പ്രതികരിച്ചു. സി പി എം വോട്ട് കിട്ടിയെന്ന ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്ന് രമ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷട്രീയ വനവാസം സമ്മാനിക്കുമെന്നും കെ കെ രമ പറഞ്ഞു. 

വടകരയില്‍ ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിനാണ് ലഭിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് നേരത്തെ പറഞ്ഞിരുന്നു‍. സിപിഎമ്മിനെതിരെ മുരളീധരൻ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പാക്കിയതിനാലാണെന്നും ജയരാജന്‍ പറഞ്ഞു. കൊലപാതക രാഷ്ടീയം വടകരയിൽ ഫലം കണ്ടിട്ടില്ലെന്നും കൊലപാതകിയായി ചിത്രീകരിച്ചവർക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം പോളിംഗ് ഇത്തവണയും എണ്‍പത് ശതമാനത്തിന് മുകളില്‍ പോയ വടകരയില്‍ ഏറെ പ്രതീക്ഷയാണ് ഇരുമുന്നണികള്‍ക്കും. ഇത്തവണ 82.48 ആണ പോളിംഗ് ശതമാനം. തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തിലാണ് ഇടതിന്‍റെ പ്രതീക്ഷ. കൊലപാതക രാഷ്ട്രീയം ഏശിയിട്ടേ ഇല്ലെന്നും സിപിഎം കരുതുന്നു. ആര്‍എംപി, വെല്‍ഫയര്‍ പാര്‍ട്ടിയടക്കമുള്ളവരുടെ പിന്തുണയേക്കാള്‍ ലോക താന്ത്രിക് ജനാതദളിന്‍റെ വോട്ടുകള്‍ ഗുണം ചെയ്യുമെന്നും സിപിഎം കരുതുന്നു.